ബ്ലാക് ഫംഗസ് അകത്തു പ്രവേശിക്കുന്നത് ശ്വസിക്കുന്ന വായുവിൽ കൂടി; എടുക്കാം ഈ മുൻകരുതലുകൾ

കോവിഡിനൊപ്പം ബ്ലാക് ഫംഗസും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണവും കൂടുന്നു. ഈ അവസരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രതിരോധ മാർഗങ്ങളും അറിയാം.

മൂക്കും കണ്ണുമാണ് ബ്ലാക് ഫംഗസ് ഏറ്റവും കൂടുതലായി ബാധിച്ചു കാണുന്നത്. അതുകൊണ്ട തന്നെ മൂക്കടപ്പ്, മൂക്കിന്റെ പുറത്ത് വേദന, കണ്ണ് വീർക്കുക, മുഖത്തിന്റെ ഒരു വശം തന്നെ വീർത്ത് അവിടെ വേദനയും മരവിപ്പും ഒക്കെ അനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ചികിത്സ വൈകുമ്പോഴാണ് മൂക്കിന്റെ പുറത്തെ തൊലിയും മുഖത്തെ തൊലിയുമൊക്കെ പോയി അവിടെ കറുപ്പ് നിറം വരുന്നത്. അവിടുത്തെ രക്തക്കുഴലുകൾ അടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഇപ്പോൾ ഒരുപാട് കോവിഡ് രോഗികൾ നമുക്കിടയിൽ ഉണ്ട്. അവരൊക്കെ വിചാരിക്കുന്നത് അവർക്കൊക്കെ മ്യൂക്കോർ (ബ്ലാക്ക് ഫം​ഗസ്) വരാം എന്നാണ്. കോവിഡ് മാറിക്കഴിഞ്ഞാലും ചെറിയൊരു സൈനസൈറ്റിസ് ഒക്കെ എല്ലാവർക്കും ഉണ്ടാവാറുണ്ട്. അപ്പോൾ മൂക്കടപ്പ് എല്ലാം ബ്ലാക് ഫംഗസാണോ എന്നാണ് എല്ലാവരും സംശയിക്കുന്നത്. ഒരിക്കലുമല്ല, സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ ഇതിൽ ഉണ്ടാവാം. പക്ഷേ ഒരുപാട് നാൾ ഐസിയുവിൽ കിടന്ന് സ്റ്റിറോയിഡ് എടുക്കുകയും മറ്റുള്ള പ്രതിരോധം കുറയ്ക്കുന്ന മരുന്നുകൾ എടുക്കുകയും പ്രമേഹ രോഗികൾ അല്ലെങ്കിൽ മറ്റു ചില പ്രതിരോധ ശേഷികൾ കുറയ്ക്കുന്ന മരുന്നുകൾ, അർബുദ രോഗികൾ, അവയവ മാറ്റം കഴിഞ്ഞിട്ട് അതിന്റെ മരുന്നുകൾ കഴിക്കുന്നവർ, എച്ച്ഐവി രോഗ ബാധിതർ തുടങ്ങിയവരാണ് സൂക്ഷിക്കേണ്ടത്. പ്രതിരോധശേഷി ഉള്ള കോവിഡ് രോഗികൾ ആയവർ ഭയക്കേണ്ടതില്ല.

മ്യൂക്കോർ എന്ന ഈ ഫംഗസ് നമ്മുടെ അന്തരീക്ഷ വായുവിൽ തന്നെയുണ്ട്. പ്രത്യേകിച്ചും കേരളത്തിലെ ക്ലൈമറ്റിൽ ഹ്യുമിഡിറ്റി ഒരുപാടുള്ളത് കൊണ്ട് ഈ ഫംഗസ് വളരെയധികം നമ്മുടെ അന്തരീക്ഷ വായുവിൽ നിൽക്കുന്നു. മാലിന്യം കൂട്ടിയിടുന്ന സ്ഥലങ്ങൾ, നിർമാണം നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഈ ഫംഗസ് ഉണ്ട്. സ്വാഭാവികമായും ശ്വസിക്കുന്ന വായുവിലൂടെ ഈ ഫംഗസ് നമ്മുടെ ശരീരത്തിലേക്ക് കയറുന്നുണ്ട്. നമ്മുടെ പ്രതിരോധ ശക്തി തന്നെയാണ് ഇതിനെ ചെറുത്തു നിൽക്കാൻ നമ്മെ സഹായിക്കുന്നത്. പക്ഷേ ചെറുത്തു നിൽക്കാൻ കഴിവില്ലാത്ത പ്രമേഹ രോഗികൾ, അവയവ മാറ്റം നടത്തിയവർ, കാൻസർ രോഗികൾ തുടങ്ങിയവരിൽ കൂടുതൽ ശ്രദ്ധ വേണം. ഷുഗർ ലെവൽ നിയന്ത്രിതമായിത്തന്നെ നിർത്തണം. പ്രമേഹം അനിയന്ത്രിതമായി നിൽക്കുമ്പോഴാണ് ഈ ഫംഗസ് ശരീരത്തിനുള്ളിൽ കയറിപ്പറ്റുന്നത്. അതിനാൽ ഷുഗർ ലെവൽ വളരെയധികം കൺട്രോൾ ആയി നിർത്തുക. കുറച്ചുകൂടി സുരക്ഷിതമായ ചുറ്റുപാടുകളിൽ താമസിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular