കോവിഡ് വ്യാപനം; ജീനോം മാപ്പിങ് ഉടന്‍

തിരുവനന്തപുരം : കോവിഡ് തീവ്ര വ്യാപനത്തിനിടയാക്കുന്ന കൊറോണ വൈറസിന്റെ ജനിതകഘടന പഠിച്ച് പ്രതിരോധമൊരുക്കാന്‍ കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളുടെ സഹായം തേടി സര്‍ക്കാര്‍. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, വിതുര ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ജീനോം മാപ്പിങ് ഉടന്‍ തുടങ്ങും.

ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി) ആണ് കേരളത്തിലെ വൈറസ് സാംപിളുകളുടെ ജനിതകഘടന ശ്രേണീകരണം നടത്തുന്നത്. ജില്ലകളില്‍നിന്ന് 100 സാംപിളുകള്‍ വീതം ശേഖരിച്ചാണ് ഇവര്‍ പഠനം നടത്തുക. കേരളത്തിലെ രണ്ടാം തരംഗത്തില്‍ യുകെ, ദക്ഷിണാഫ്രിക്ക വേരിയന്റുകള്‍ കണ്ടെത്തിയിരുന്നു. ഇവയുടെ സാന്നിധ്യമാണ് രോഗവ്യാപനം ഇത്രയേറെ വേഗത്തിലാക്കിയതെന്നാണ് നിഗമനം.

കര്‍ശനമായ പ്രതിരോധമൊരുക്കിയില്ലെങ്കില്‍ ഡല്‍ഹിക്കു സമാനമായ സാഹചര്യം കേരളത്തിലും വന്നേക്കാമെന്ന് ഐജിഐബി ആരോഗ്യവകുപ്പിനു നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കോവിഡ് തീവ്ര വ്യാപനമുള്ള മേഖലകളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനാണ് കൂടുതല്‍ സ്ഥാപനങ്ങളെ സര്‍ക്കാര്‍ സമീപിച്ചത്.

ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സ്ഥാപന മേധാവികളുമായി ചര്‍ച്ച നടത്തി. ജീനോം മാപ്പിങ്ങിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് പഠനം നടത്താന്‍ തയാറാണെന്ന് അവര്‍ സര്‍ക്കാരിനെ അറിയിച്ചു. ജീനോം മാപ്പിങ് പദ്ധതിക്കായി നോഡല്‍ ഓഫിസറെ ഉടന്‍ നിയമിക്കും. സാംപിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ച് സ്ഥാപനങ്ങള്‍ക്കു കൈമാറും.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജീനോം മാപ്പിങ്ങിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ നേരത്തെ മുതലുണ്ട്. ഒരേ സമയം 96 സാംപിളുകള്‍ വരെ ശ്രേണീകരിക്കാന്‍ കഴിയും. സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഐഎവി ഏറ്റെടുക്കുന്ന ആദ്യത്തെ പ്രധാന ദൗത്യമാണ് ജീനോം മാപ്പിങ്. ഐസറില്‍ ഗവേഷണത്തിനു വേണ്ടി ജീനോം ശ്രേണീകരണം നടത്തുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular