സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ കുറവായതിനാല്‍ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും കോവിഡ് പടരാന്‍ തിരഞ്ഞെടുപ്പ് കാരണമായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രോഗതീവ്രതയുള്ള സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവന്‍ മാത്രമല്ല, ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലൂടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ദൗത്യം കേരളം നിര്‍വഹിക്കുമ്പോള്‍ വാക്‌സിന്‍ ക്ഷാമം നന്നായി അനുഭവപ്പെടുന്നുണ്ട്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിഷേധാത്മക നിലപാട് ഇതുവരെ കേന്ദ്രം സ്വീകരിച്ചിട്ടില്ല. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും ലഭ്യമായിട്ടില്ല. കൂടുതല്‍ വാക്‌സിന്‍ ഡോസ് നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

വാക്‌സിന്‍ നേരിട്ടുവാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കണം. സ്വകാര്യ മേഖലയില്‍ വാക്‌സിന്‍ വാങ്ങാനുള്ള അനുവാദം കൂടി കേന്ദ്രം നല്‍കിയാല്‍ വാക്‌സിനേഷന്‍ വേഗത വര്‍ധിപ്പിക്കാന്‍ സാധിച്ചേക്കും. ഇത്തരം അടിയന്തര നടപടികള്‍ കേന്ദ്രം കൈകൊള്ളണം. അടുത്ത ദിവസങ്ങളില്‍ വലിയ തോതില്‍ വാക്‌സിന്‍ ലഭ്യമായിട്ടില്ലെങ്കില്‍ സംസ്ഥാനത്തെ മെഗാ വാക്‌സിനേഷന്‍ പദ്ധതി അവതാളത്തിലാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7