പറയുന്നത് ചെയ്യും; എംഎല്‍എയായി നടത്തിയ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് അല്‍ഫോണ്‍സ് കണ്ണന്താനം; കാഞ്ഞിരപ്പള്ളിയില്‍ പര്യടനം തുടരുന്നു

കാഞ്ഞിരപ്പള്ളി: എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പഞ്ചായത്തു പര്യടനം തുടരുന്നു.
നടത്താന്‍ പറ്റുന്നത് പറയുകയും പറയുന്നത് ചെയ്യുകയും ചെയ്യുന്നയാളാണ് താനെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 1988 മുതല്‍ 91 വരെ കോട്ടയം കലക്റ്ററായിരുന്ന തനിക്ക് കാഞ്ഞിരപ്പള്ളിയെ നന്നായി അറിയാം. ഐഎഎസ് ഉദ്യോഗം രാജിവച്ച് എംഎല്‍എ.ആയി മത്സരിക്കുവാന്‍ എത്തുമ്പോള്‍ വ്യത്യസ്തനായ ഒരു ജനപ്രതിനിധിയാകുവാനാണ് താന്‍ ശ്രമിച്ചത്. അത് നടപ്പിലാക്കുവാന്‍ താന്‍ ശ്രമിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഓര്‍മപ്പെടുത്തി. ജനങ്ങളുമായി അടുത്തിടപഴകി അവരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ട് വികസനപ്രവര്‍ത്തനങ്ങള്‍ എത്തിക്കുക എന്നതാണ് തന്റെ നയമെന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

അഞ്ചു വര്‍ഷം കൊണ്ട് 350 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സാധിച്ചു. 427 ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കിയ കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ അതിന്റെ ഉത്തമ ഉദാഹരണമാണ്. ഇന്ന് ആ സിവില്‍ സ്റ്റേഷന്റെ അവസ്ഥ പരിതാപകരമാണ്. കുടിവെള്ളം പോലുമില്ലാത്ത സിവില്‍ സ്റ്റേഷന്റെ ഇന്നത്തെ അവസ്ഥയില്‍ ഏറെ ദുഃഖമുണ്ട്.

ഇന്നു രാവിലെ 7.30ന് തമ്പലക്കാട് ആക്കാട്ടുപടിയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 6.30ന് വിഴിക്കത്തോട്ടില്‍ സമാപിക്കും.

ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി NDA സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ നടന്ന മുഖാമുഖം പരിപാടിയിൽ

താന്‍ എം.എല്‍.എ.ആയിരുന്നപ്പോള്‍ തുടക്കം കുറിച്ച കാഞ്ഞിരപ്പള്ളി ബൈപാസ് ഇന്നും പ്രാവര്‍ത്തികമായിട്ടില്ല. തനിക്കുശേഷം വന്ന ജനപ്രതിനിധികള്‍ക്ക് ഒരു കല്ലിടുവാനോ, ഒരു പുല്ലു പറിക്കുവാനോ സാധിച്ചിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു. താന്‍ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ രണ്ടു വര്‍ഷത്തിനകം കാഞ്ഞിരപ്പള്ളി ബൈപാസ് പൂര്‍ത്തീകരിക്കും. അഞ്ചു പഞ്ചായത്തുകള്‍ക്ക് പ്രയോജനപ്പെടുന്ന മണിമല മേജര്‍ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഇന്ധവില ജിഎസ്ടി പരിധിയില്‍പ്പെടുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തതാണ് ഇവിടുതെ വില വര്‍ധനവിന് കാരണം. ഇന്ധനവിലയില്‍ കേന്ദ്രസര്‍ക്കാരിന് 20 രൂപയും സംസ്ഥാന സര്‍ക്കാരിന് 38 രൂപയും ലഭിക്കുന്നുണ്ട്. ജിഎസ്ടി പരിധിയില്‍ പെടുത്തിയാല്‍ വിലവര്‍ധനയ്ക്കു പരിഹാരമുണ്ടാവും. ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു, ജില്ല സെല്‍ കോര്‍ഡിനേറ്റര്‍ കെ.ജികണ്ണന്‍, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ടി.ബി. ബിനു, ജില്ല കമ്മറ്റിയംഗം എസ്. മിഥുല്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നേരിട്ട് ഏൽപിച്ച ദൗത്യമാണ് തന്റെ സ്ഥാനാർഥിത്വമെന്നും. നിരവധി പേര്‍ക്ക് സഹായമെത്തിക്കാന്‍ എംപി എന്ന നിലക്ക് സാധിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും അത് കൊണ്ട് തന്നെ ജനങ്ങൾ തന്നോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും കണ്ണന്താനം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7