മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്: ചെന്നിത്തല

ഹൈക്കോടതിയിൽ കസ്റ്റംസ് നൽകിയ സത്യവാങ്മൂലത്തിലൂടെ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി വെളിപ്പെടുത്തിയതായി കസ്റ്റംസ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

‘മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്. കോടതിയിൽ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ട് രണ്ടു മാസത്തോളമായി. എന്തുകൊണ്ട് അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരായി ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവമായ കാര്യമാണ്.

ആരുടെ നിർദേശ പ്രകാരമാണ് അന്വേഷണം ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ് കേസ് മരവിപ്പിക്കുന്ന നിലയിലേക്ക് എത്തിയത്. ഇത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി വേണം കാണാൻ. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജൻസികൾ കേരളത്തിലേക്ക് വന്നത്. അന്വേഷണം മുന്നോട്ട് നീങ്ങി അത് മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് കേന്ദ്രഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആ കത്തയച്ച ശേഷം പിന്നീട് ഒരു അന്വേഷവും ഉണ്ടായില്ല’ ചെന്നിത്തല പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular