കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. തിരുവനന്തപുരം വഴുതയ്ക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം.
സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.

പതിറ്റാണ്ടുകളോളം മലയാള സാഹിത്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. ഒട്ടേറെ കവിതാ സമാഹാരങ്ങളും ഏതാനും നിരൂപണ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറവിയെടുത്തു
.
സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, ഉജ്ജയിനിയിലെ രാപ്പകലുകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.അസാഹിതീയം, കവിതയുടെ ഡിഎന്‍എ, അലകടലും നെയ്യാമ്പലും എന്നീ നിരൂപണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ വിവിധ കോളെജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2014ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവയ്ക്കും അര്‍ഹനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ നിന്നു വകുപ്പ് മേധാവിയായി വിരമിച്ചശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular