പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍; പൈലറ്റ് കോക്പിറ്റില്‍ നിന്ന് ഔട്ട്

റായ്പൂര്‍: പ്രീ-വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ പുതിയ കാലത്തെ ട്രെന്‍ഡാണ്. ഫോട്ടോ ഷൂട്ട് വ്യത്യസ്തമാക്കാന്‍ വധുവരന്മാരും സുഹൃത്തുക്കളും എന്ത് അഭ്യാസവും നടത്തും. അത്തരത്തിലൊരു ഫോട്ടോഷൂട്ട് കുടുക്കിയത് ഒരു പൈലറ്റിനെ. ചില്ലറക്കാരനല്ല കക്ഷി. മുഖ്യമന്ത്രിയുടെ ഹെലികോപ്ടറാണ് ആശാന്‍ സുഹൃത്തിന്റെ വിവാഹപൂര്‍വ്വ പടംപിടിത്തത്തിന് വിട്ടുകൊടുത്തത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഔദ്യോഗിക ഹെലികോപ്ടറായ എഡബ്ല്യൂ 109 പവര്‍ എലൈറ്റാണ് യോഗേശ്വര്‍ സായി എന്ന പൈലറ്റ് വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിന് വിട്ടുകൊടുത്തത്. യോഗേശ്വറിന്റെ അടുത്ത സുഹൃത്താണ് വരന്‍.

പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് ഹെലികോപ്ടര്‍ വേണമെന്ന ആഗ്രഹം കൂട്ടുകാരന്‍ യോഗേശ്വറിനെ അറിയിച്ചു. മഹാമനസ്‌കനായ യോഗേശ്വര്‍ ആഗ്രഹം സാധിച്ചുനല്‍കാമെന്ന് ഉറപ്പുകൊടുത്തു. പിന്നെ മുഖ്യമന്ത്രിയുടെ ഹെലികോപ്ടറും ഫോട്ടോഷൂട്ടിന് വിട്ടുകൊടുക്കുകയും ചെയ്തു. ഫോട്ടോഷൂട്ടിനെത്തിയ വധൂവരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. എന്നാല്‍ ഉന്നതരുടെ അനുമതിയുണ്ടെന്ന് കാണിച്ച് അവരെ ഹെലികോപ്ടറിനുള്ളിലേക്ക് യോഗേശ്വര്‍ തന്നെ കൂട്ടിക്കൊണ്ടുപോയി.

ഹെലികോപ്ടറില്‍ നിന്നുള്ള വധുവിന്റേയും വരന്റേയും ചിത്രങ്ങള്‍ പുറത്തുവന്നതോടെ പൈലറ്റിന്റെ പണിപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. സംഭവത്തെ കുറിച്ച് സിവില്‍ ഏവിയേഷന്‍ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular