ഓർമ്മശക്തി കൂട്ടാൻ കുത്തിവയ്പ്പ്; അധ്യാപകൻ അറസ്റ്റിൽ

ന്യൂഡൽഹി: വിദ്യാർഥികൾക്ക് അനധികൃതമായി കുത്തിവെപ്പ് നൽകിയ ട്യൂഷൻ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ബി.എ. വിദ്യാർഥിയും ഡൽഹി മാൻഡാവാലിയിലെ ട്യൂഷൻ അധ്യാപകനുമായ സന്ദീപി(20)നെയാണ് ഡൽഹി പോലീസ് പിടികൂടിയത്. ഓർമശക്തി വർധിപ്പിക്കാനെന്ന പേരിൽ ഇയാൾ കുത്തിവെപ്പ് നൽകി. ട്യൂഷനെടുക്കുന്ന വിദ്യാർഥികളിലൊരാളുടെ രക്ഷിതാവ് പരാതി നൽകിയതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

ഡൽഹിയിലെ കോളേജിൽ ബി.എ. വിദ്യാർഥിയായ സന്ദീപ് ആറ് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ട്യൂഷനെടുത്തിരുന്നത്. ഇതിനിടെ ഓർമശക്തി വർധിപ്പിക്കാനെന്ന പേരിൽ ‘സലൈൻ ലായനി’ വിദ്യാർഥികൾക്ക് കുത്തിവെപ്പായി നൽകിയിരുന്നു. വിദ്യാർഥികളിലൊരാൾ സംഭവം വീട്ടിൽ പറഞ്ഞതോടെയാണ് കുത്തിവെപ്പിന്റെ വിവരം പുറംലോകമറിയുന്നത്. തുടർന്ന് രക്ഷിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

സലൈൻ ലായനി നൽകിയാൽ ഓർമശക്തി വർധിക്കുമെന്ന് യൂട്യൂബ് വീഡിയോയിൽ കണ്ടെന്നും ഇതിനാലാണ് കുത്തിവെപ്പ് നൽകിയതെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി. അറസ്റ്റ് ചെയ്ത യുവാവിനെതിരേ ഐ.പി.സി. 336 വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular