സ്വപ്ന സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

അതിനിടെ, സര്‍ക്കാര്‍ പ്രോജക്ടില്‍ ജോലി നേടാനായി സ്വപ്ന സുരേഷ് ഹാജരാക്കിയ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് പഞ്ചാബിലെ സ്ഥാപനമെന്ന് പൊലീസ് കണ്ടെത്തി. തിരുവനന്തപുരം തൈക്കാടുണ്ടായിരുന്ന സ്ഥാപനം മുഖേനെ ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. സ്ഥാപനത്തിന്റെ ഉടമകളെ കണ്ടെത്തി പ്രതിയാക്കാനുള്ള ശ്രമത്തിലാണ് കന്റോണ്‍മെന്റ് പൊലീസ്.

ഐടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്‌പേസ് പാര്‍ക്കില്‍ സ്വകാര്യ കണ്‍സല്‍ട്ടന്‍സിയായ പിഡബ്ല്യുസി വഴി ജോലി നേടിയപ്പോള്‍ സ്വപ്ന പറഞ്ഞത് ബികോം ബിരുദധാരിയെന്നായിരുന്നു. മുംബൈയിലെ ബാബാ സാഹിബ് സര്‍വകലാശലയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. ഇത് വ്യാജമെന്നുള്ള കണ്ടെത്തലിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തതും ഉറവിടം കണ്ടെത്തിയതും.

Similar Articles

Comments

Advertismentspot_img

Most Popular