പാലക്കാട് 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് നഗരസഭാ ആസ്ഥാനത്ത് വോട്ടെണ്ണല്‍ ദിവസം ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയ േകസില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണികൃഷ്ണന്‍ എന്നിവരെ ടൗണ്‍ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ എട്ടുപേര്‍ കൂടി അറസ്റ്റിലാകുമെന്ന് വിവരം. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരുടെ അനുമതിയോടെ എത്തിയവര്‍ ലഹളയ്ക്ക് കാരണമാകും വിധം തെറ്റായി പ്രവര്‍ത്തിച്ചെന്നാണ് കേസ്.

ജയ് ശ്രീറാം ബാനർ വിവാദമുണ്ടായ പാലക്കാട് നഗരസഭയിൽ സത്യപ്രതിജ്ഞ ദിവസവും സംഘർഷാവസ്ഥ ഉണ്ടായിരുന്നു. കൗൺസിൽ ഹാളിന് പുറത്തിറങ്ങിയ സിപിഎം കൗൺസിലർമാർ ദേശീയ പതാകയുമായി മുദ്രാവാക്യം വിളിച്ചതോടെ ബിജെപി പ്രവർത്തകരും ജയ് ശ്രീറാം വിളികളുമായി സംഘടിച്ചു. ഇരു വിഭാഗം പ്രവർത്തകരെയും പൊലീസ് വളരെ വേഗം നീക്കിയതിനാൽ സംഘർഷാവസ്ഥ ഒഴിവായി.

Similar Articles

Comments

Advertismentspot_img

Most Popular