യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ വെല്ലുവിളിക്കാന്‍ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി (എഎപി). 2022 നിയമസഭാ തിരിഞ്ഞെടുപ്പില്‍ എഎപി മത്സരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടാല്‍ യുപിയില്‍ അഴിമതിമുക്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കേജ്രിവാള്‍ പറഞ്ഞു. ദേശീയ തലസ്ഥാനത്ത് വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞുവെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഡല്‍ഹിയില്‍ മൂന്നു തവണ എഎപി സര്‍ക്കാര്‍ രൂപീകരിച്ചു. പഞ്ചാബില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായി. ഇനിയൊരു സുപ്രധാന പ്രഖ്യാപനമാണു നടത്തുന്നത്. ഉത്തര്‍പ്രദേശില്‍ 2022 നിയമസഭാ തിരിഞ്ഞെടുപ്പില്‍ എഎപി മത്സരിക്കും.’ – കേജ്രിവാള്‍ പറഞ്ഞു.

നിലവില്‍ യുപിയില്‍നിന്നുള്ളവര്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലേക്കു വരേണ്ട ഗതികേടിലാണ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന് എന്തുകൊണ്ട് ഏറ്റവും വലിയ വികസിത സംസ്ഥാനമായി മാറിക്കൂടാ? യുപിയിലെ വൃത്തികെട്ട രാഷ്ട്രീയവും അഴിമതിക്കാരായ നേതാക്കളുമാണു വികസനം തടസപ്പെടുത്തുന്നത്. ജനങ്ങള്‍ എല്ലാ പാര്‍ട്ടികള്‍ക്കും അവസരം നല്‍കി കഴിഞ്ഞു. എന്നാല്‍ എല്ലാ സര്‍ക്കാരുകളും അഴിമതിയില്‍ റെക്കോര്‍ഡ് ഇടുകയാണു ചെയ്യുന്നതെന്നു കേജ്രിവാള്‍ കുറ്റപ്പെടുത്തി.

ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കു നില മെച്ചപ്പെടുത്താന്‍ കഴിയുമെങ്കില്‍, ആളുകള്‍ക്ക് 24 മണിക്കൂറും സൗജന്യ വൈദ്യുതി നല്‍കാന്‍ കഴിയുമെങ്കില്‍ അതെല്ലാം എന്തുകൊണ്ടാണ് യുപിയില്‍ നടത്താനാവാത്തത്?. ഡല്‍ഹിയിലെ സ്‌കൂളുകള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എന്തുകൊണ്ടാണ് അയല്‍സംസ്ഥാനത്തിലെ സ്‌കൂളുകള്‍ക്കു നിലവാരം പാലിക്കാനാവാത്തത്. സ്ത്രീ സുരക്ഷയ്ക്കു വേണ്ടി ഞങ്ങള്‍ എല്ലായിടത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. എന്നാല്‍ യുപിയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്.- കേജ്രിവാള്‍ പറഞ്ഞു.

രാജ്യമെമ്പാടും ഘട്ടംഘട്ടമായി രാഷ്ട്രീയ അടിത്തറ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് എഎപി. ഗോവയില്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആദ്യവിജയം നേടാന്‍ കഴിഞ്ഞതും പാര്‍ട്ടിക്ക് കരുത്തായി. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എഎപി സ്ഥാനാര്‍ഥികള്‍ക്കു ലഭിക്കുകയും ചെയ്തു. ഗോവന്‍ നിവാസികളുടെ പ്രതീക്ഷകള്‍ക്കൊത്ത് എഎപി പ്രവര്‍ത്തിക്കുമെന്ന് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു.

അടുത്ത വര്‍ഷം ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എഎപി അറിയിച്ചിരുന്നു. ഗുജറാത്തില്‍ ശക്തമായ സമാന്തരസംവിധാനമായി എഎപി മാറുകയാണെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ഗോപാല്‍ ഇറ്റാലിയയാണ് പാര്‍ട്ടിയുടെ ഗുജറാത്ത് കണ്‍വീനര്‍.

Similar Articles

Comments

Advertismentspot_img

Most Popular