സരിതയുടെ തൊഴിൽ തട്ടിപ്പ്: ബവ്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും മൊഴി

തിരുവനന്തപുരം: സരിത എസ്. നായരുടെ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ബവ്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും മൊഴി. മാനേജര്‍ മീനാകുമാരിക്കാണെന്ന പേരില്‍ പ്രതികള്‍ പണം വാങ്ങിയതായാണ് പരാതി. മീനാകുമാരിയോട് ഫോണില്‍ സംസാരിച്ചെന്നും പരാതിക്കാരന്‍ അരുണ്‍ മൊഴി നല്‍കി.

മീനാകുമാരിയുടെ പേരു പറഞ്ഞ് രണ്ടു തവണ ഒന്നാം പ്രതിയായ രതീഷ് രണ്ടു ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. എന്നാൽ ജോലി ലഭിക്കാതായപ്പോൾ അരുണ്‍, മീനാകുമാരിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് രണ്ടു തവണ നേരിട്ട് അവരെ വിളിച്ചു. അത്തരത്തിൽ ഒരു നിയമനത്തെക്കുറിച്ച് അറിവില്ലെന്നാണ് അരുണിന് മീനാകുമാരി മറുപടി നൽകിയത്. ഇക്കാര്യം പിന്നീട് അരുൺ സരിതയെ വിളിച്ച് പറഞ്ഞു.

മീനാകുമാരിയെ വിളിച്ചതിൽ അതൃപ്തി അറിയിച്ച സരിത തിരികെ വിളിക്കാമെന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. സരിത ഫോൺ കട്ട് ചെയ്ത് 10 മിനിറ്റിനു ശേഷം മീനാകുമാരി അരുണിനെ വിളിച്ച് താൻ പറഞ്ഞ കാര്യം എന്തിനാണ് മറ്റുള്ളവരോട് പറയുന്നതെന്ന് ചോദിച്ച് ക്ഷുഭിതയായെന്നാണ് അരുൺ നൽകിയ മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ സരിതയെ അരുൺ വിളിച്ചു എന്ന കാര്യം മീനാകുമാരി എങ്ങനെ അറിഞ്ഞു എന്നത് പരിശോധിക്കണമെന്നാണ് പൊലീസ് പറയുന്നത്. സരിത മീനാകുമാരിയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിൽ വ്യക്തത വരാനുണ്ടെന്നും പൊലീസ് അറിയിച്ചു. സരിതയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ മീനാകുമാരി ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.

ബവ്റിജസ് കോർപറേഷന്റെയും കെടിഡിസിയുടെയും പേരിൽ വ്യാജ നിയമന ഉത്തരവു നൽകിയായിരുന്നു സരിതയും കൂട്ടാളികളും ലക്ഷങ്ങളുടെ തൊഴിൽ തട്ടിപ്പ് നടത്തിയത്. കെടിഡിസി മാനേജിങ് ഡയറക്ടറുടെ പേരിലും ഇന്റർവ്യൂവിനുള്ള ക്ഷണപത്രം തയാറാക്കിയായിരുന്നു തട്ടിപ്പ്. കുന്നത്തുകാൽ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് പണം വാങ്ങിയതെന്നും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെന്ന പേരിൽ പലർ ഫോൺ വിളിച്ച് വിശ്വസിപ്പിച്ചിരുന്നെന്നും പരാതിക്കാർ മൊഴി നൽകി.

സോളർ കേസിന് സമാനമായ രീതിയിൽ സർക്കാരിൽ സ്വാധീനമുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് സരിത എസ്. നായർ പ്രതിയായ നെയ്യാറ്റിൻകരയിലെ തൊഴിൽ തട്ടിപ്പും. എന്നാൽ ബവ്റിജസ് കോർപറേഷനിൽ ചിലർക്കു ജോലി കിട്ടിയതിനു പിന്നിലും ഇവരുണ്ടെന്നും അതെപ്പറ്റിയും അന്വേഷണം വേണമെന്നു ആവശ്യമുയർന്നിട്ടും അനക്കമില്ല.

Similar Articles

Comments

Advertismentspot_img

Most Popular