ബൈക്ക് അപകടത്തില്‍ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം; വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം

ഫറോക്ക്: ചേലേമ്പ്ര ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടില്‍ കെ.ടി.സലാഹുദ്ദീന്‍ (25) ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് കുറ്റീരി നാസറിന്റെ മകള്‍ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് ചേലേമ്പ്ര സ്പിന്നിങ് മില്ലിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണംതെറ്റി ബൈക്ക് മറിയുകയും ദമ്പതിമാര്‍ എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. സലാഹുദ്ദീന്റെ ശരീരത്തിലൂടെ ലോറി കയറിറങ്ങി. സലാഹുദ്ദീന്‍ സംഭവസ്ഥലത്തുവെച്ചും ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

പത്ത് ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ശനിയാഴ്ച ഫറോക്ക് പേട്ടയിലുള്ള ജുമാനയുടെ പിതൃസഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് വരുന്നതിനിടെയായിരുന്നു അപകടം. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular