തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേക്കും യുഡിഎഫിൽ അടി തുടങ്ങി

കൽപ്പറ്റ: ജില്ലാ പഞ്ചായത്തിൽ ഇരുമുന്നണികളിലും സീറ്റ് ചർച്ചകൾ അവസാനലാപ്പിൽ. എൽഡിഎഫിൽ സീറ്റ് വിഭജനം ഇന്നലെയോടെ പൂർത്തിയായി. ഇനി സ്ഥാനാർഥിനിർണയം മാത്രമേ ബാക്കിയുള്ളൂ. ബുധനാഴ്ചയോടെ സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നു യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു. എൻഡിഎയിൽ മിക്കയിടത്തും സ്ഥാനാർഥി നിർണയം വരെ പൂർത്തിയായിക്കഴിഞ്ഞു. മുന്നണിയിലേക്കു പുതുതായെത്തിയ 3 ഘടകക്ഷികൾക്കും എൽഡിഎഫ് ജില്ലാ പ‍ഞ്ചായത്തിൽ സീറ്റ് നൽകും.

സിപിഎമ്മിന്റെയും സിപിഐയുടെയും 3 സിറ്റിങ് സീറ്റുകളാണ് എൽജെഡി, കേരളാ കോൺഗ്രസ് (എം), ഐഎൻഎൽ എന്നിവർക്കു നൽകുക. 2 സീറ്റ് സിപിഎമ്മും ഒരു സീറ്റ് സിപിഐയും വിട്ടുനൽകാനാണു ധാരണയായിരിക്കുന്നത്. ഇതിനു പുറമെ എൻസിപിക്കും ജനതാദൾ(എസ്)നും നേരത്തെയുള്ള ഓരോ സീറ്റുകൾ വീതവും നൽകും. ഘടകക്ഷികളുടെ ചില സീറ്റുകളിൽ പൊതുസ്വതന്ത്രന്മാരെയും മത്സരിപ്പിച്ചേക്കാം. നാളെ ചേരുന്ന എൽഡിഎഫ് യോഗത്തിൽ സ്ഥാനാർഥിനിർണയം പൂർത്തിയാകും. രണ്ടുദിവസത്തിനുള്ളിൽ സ്ഥാനാർഥിനിർണയവുമുണ്ടാകും. കൽപറ്റ നഗരസഭയിലൊഴികെ എല്ലായിടത്തും എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി.

യുഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്. ജില്ലാ പ‍ഞ്ചായത്തിൽ കഴിഞ്ഞ തവണത്തെപ്പോലെയാവും കോൺഗ്രസ്-മുസ്‌ലിം ലീഗ് സീറ്റ് ധാരണ. കോൺഗ്രസ്-10, മുസ്‌ലിം ലീഗ്-4, കേരള കോൺഗ്രസ് (എം)- 1, എൽജെഡി-1 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റ് വിഭജനം. കേരള കോൺഗ്രസും എൽജെഡിയും മുന്നണി വിട്ടതിനാൽ അവരുടെ സീറ്റുകൾ കോൺഗ്രസും ലീഗും ഏറ്റെടുക്കും. കേരള കോൺഗ്രസ്(എം) സീറ്റ് കോൺഗ്രസും എൽജെഡിയുടെ സീറ്റ് മുസ്‌ലിം ലീഗും ഏറ്റെടുത്തേക്കുമെന്ന സൂചനയാണു നേതാക്കൾ നൽകുന്നത്. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്ത് ഘടകക്ഷികളെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂടുതലായി ഉൾക്കൊള്ളിക്കാമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഈയാഴ്ച തന്നെ സീറ്റുകളുടെ എണ്ണത്തിൽ അന്തിമ തീരുമാനമാകും.

Similar Articles

Comments

Advertismentspot_img

Most Popular