കോവിഡ് ചികിത്സയിൽ നിർണായക നീക്കം; ഇന്ത്യൻ വംശജയായ 14കാരിക്ക് കിട്ടിയത് ലക്ഷങ്ങൾ

ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് അമേരിക്കയില്‍ അപൂര്‍വ അംഗീകാരം. 2020 3 എം യങ്ങ് സയന്റിസ്റ്റ് ചലഞ്ചിലാണ് വിജയം. കൊറോണ വൈറസിനെതിരെയുള്ള ചികിത്സാരീതി വികസിപ്പിച്ചതിനാണ് 14 വയസുകാരിയായ അനിഖ ചെബ്രോലുവിന് 25000 ഡോളർ സമ്മാനമായി ലഭിച്ചത്. കൊറോണ െെവറസിലെ പ്രോട്ടീന്റെ പ്രവർത്തനത്തെ തടയാനുള്ള തന്മാത്ര കണ്ടെത്തിയതാണ് അനിഖയെ പുരസ്കാരത്തിന് അർഹയാക്കിയത്.

കുട്ടിക്കാലം മുതൽ ശാസ്ത്രവിഷയങ്ങൾ പഠിക്കാൻ മുത്തച്ഛനായിരുന്നു നിർബന്ധിച്ചതെന്ന് അനിഖ പറഞ്ഞു. തുടർന്ന് ശാസ്ത്രം ഇഷ്ടവിഷയമായി മാറുകയായിരുന്നു. ഭാവിയിൽ മെഡിക്കൽ റിസേർച്ചറാവുക എന്നാണ് ലക്ഷ്യം. ലോകം മുഴുവൻ പെട്ടെന്നുതന്നെ കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷനേടുമെന്നും സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുപോകുമെന്നുമാണ് പ്രതീക്ഷയെന്നും അനിഖ പറഞ്ഞു. ‘ചെറുപ്പത്തിൽ തന്നെ എന്റെ മുത്തച്ഛൻ ശാസ്ത്ര വിഷയങ്ങളിലേക്ക് എന്ന് നയിച്ചു. അദ്ദേഹം ഒരു കെമിസ്ട്രി പ്രൊഫസറായിരുന്നു. പിരിയോഡിക് ടേബിൾ പഠിക്കാൻ സദാസമയവും അദ്ദേഹം നിർബന്ധിക്കും. കൂടാതെ ശാസ്ത്രവിഷയങ്ങളിൽ കൂടുതൽ അറിവുകൾ നേടണമെന്നും പറയും. അദ്ദേഹത്തിന്റെ വാക്കുകളിലെ പ്രചോദനം ഉള്‍ക്കൊണ്ട എനിക്ക് സയൻസ് ഇഷ്ട വിഷയമായി മാറി.’–അനിഖ പറയുന്നു.

കൊറോണ െെവറസിനെതിരെ അനിഖ വികസിപ്പിച്ച തന്മാത്ര മനുഷ്യർക്കിടയിൽ ഉപയോഗപ്രദമാണോയെന്ന് പരീക്ഷിച്ചതായി വിവരമില്ല. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ മാത്രമല്ല അനിഖ നടത്തിയത്. എലിപ്പനി തടയാനുള്ള മാർഗങ്ങൾ പരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, കോവിഡ്–19 മഹാമാരിയെ തുടർന്ന് അനിഖ തന്റെ പരീക്ഷണങ്ങള്‍ കോവിഡിലേക്ക് മാറ്റുകയായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റവും ഫലപ്രദമായ രീതിയിൽ എങ്ങനെ നടത്താമെന്നതിലാണ് അനിഖ ശ്രദ്ധ കേന്ദ്രീകരിച്ചത്.

pathram desk 1:
Related Post
Leave a Comment