തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ സെർവറിൽനിന്ന് പകർത്തി നൽകുന്നതിനുള്ള ചെലവിലേക്ക് 68 ലക്ഷം രൂപയ്ക്ക് ഭരണാനുമതിയായി. 400 ടെറാബൈറ്റ് ശേഷിയുള്ള ഹാർഡ് ഡിസ്ക് ഉള്‍പ്പെടെ വാങ്ങാനാണ് അനുമതി. 2019 ജൂൺ മുതൽ ഈ വർഷം ജൂൺവരെയുള്ള ദൃശ്യങ്ങളാണ് എൻഐഎ പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്.

ദിവസങ്ങൾക്കു മുൻപാണ് ഹാർഡ് ഡിസ്ക് വാങ്ങാൻ ഭരണാനുമതിയായതെന്നു പൊതുഭരണവിഭാഗം അറിയിച്ചു. ആഗോള ടെൻഡർ വിളിച്ചുകൊണ്ടുള്ള ഐടി വകുപ്പിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ 83 സിസിടിവി ക്യാമറകളിലെ 14 മാസത്തെ ദൃശ്യങ്ങളാണ് സെർവറിൽ സൂക്ഷിച്ചിരിക്കുന്നത്.

സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്നയും സരിത്തും അടക്കമുള്ളവർ സെക്രട്ടേറിയറ്റിലെത്തിയിരുന്നോ എന്നു പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടത്. ഇതു മുഴുവനായി പകർത്തി നൽകാൻ നടപടി തുടങ്ങിയെങ്കിലും വലിയ സംഭരണശേഷിയുള്ള ഹാർഡ് ഡിസ്ക് കിട്ടാത്തത് തടസമായി.

ഹാർഡ് ഡിസ്ക് വിദേശത്തുനിന്ന് വാങ്ങാൻ പിന്നീട് ആലോചന നടന്നങ്കിലും ഉപേക്ഷിച്ചു. അതിനുശേഷമാണ് ഇപ്പോൾ ഹാർഡ് ഡിസ്ക് വാങ്ങാൻ ടെൻഡർ നടപടികളിലേക്കു കടക്കുന്നത്. പിഡബ്ല്യുഡി ഇലക്ട്രോണിക് വിഭാഗമാണ് ടെൻഡർ വിളിക്കുന്നത്. സെക്രട്ടേറിയറ്റിലെ സെർവർ റൂമിൽ പരിശോധന നടത്തി മടങ്ങിയശേഷം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുമായി എൻഐഎ ബന്ധപ്പെട്ടിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular