നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ച സംഭവം; പരിശോധനാ ഫലം പുറത്ത്‌

ആലുവ : ആലുവയിലെ മൂന്നുവയസ്സുകാരന്‍ മരിച്ചത് ശ്വാസംമുട്ടല്‍ മൂലം. നാണയം വിഴുങ്ങിയതല്ല മരണകാരണമെന്ന് ശാസ്ത്രീയ പരിശോധനാഫലം. ന്യൂമോണിയ ഹൃദയ അറകള്‍ക്കും ശ്വാസകോശത്തിനും തകരാറുണ്ടാക്കി. കൂട്ടിക്ക് ആവശ്യമായ ഓക്സിജന്‍ രക്തത്തില്‍നിന്ന് ലഭിച്ചിരുന്നില്ലെന്നും പരിശോധനാഫലത്തില്‍ വ്യക്തമായി. മൂന്നുവയസുകാരന്റെ മരണത്തില്‍ ചികില്‍സാപിഴവുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു‍. നാണയം വിഴുങ്ങിയതല്ല മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.

കടുങ്ങല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്ന നന്ദിനി-രാജ്യ ദമ്പതികളുടെ ഏക മകന്‍ പൃഥിരാജ് ആണ് ആലുവ ജില്ലാ ആശുപത്രിയിൽ മരിച്ചത്. ഓഗസ്റ്റ് ഒന്നിന്‌ രാവിലെ പതിനൊന്നോടെയാണ് കുട്ടി നാണയം വിഴുങ്ങിയത്. തുടർന്ന് ആലുവ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്ക് ആലപ്പുഴ മെഡിക്കൽ കോളജിലേക്കും അയച്ചു.

എന്നാൽ പഴവും ചോറും നൽകിയാൽ വയറിളകി നാണയം പുറത്ത് വരുമെന്ന് പറഞ്ഞതിനാൽ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്നലെ രാത്രിയോടെ കുട്ടിയുടെ സ്ഥിതി മോശമായി. ആലുവ ജില്ലാ ആശുപത്രിയിലെത്തിക്കും മുൻപു മരിച്ചു. അതിനിടെ, കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശത്തുനിന്നു വന്നതിനാലാണ് കുട്ടിയെ ചികിത്സിക്കാതിരുന്നതെന്നും ബന്ധുക്കളുടെ പരാതി ഉണ്ടായിരുന്നു. കുട്ടി മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular