കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ

മോസ്‌കോ: ലോകത്തെ ആദ്യത്തെ കോവിഡ് വാക്‌സീന്‍ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ ‘സ്പുട്‌നിക് 5’ ന്റെ നിര്‍മാണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) ചീഫ് എക്സിക്യൂട്ടീവ് കിറില്‍ ദിമിത്രീവ് ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വാക്‌സീന്‍ നിര്‍മാണം വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണെന്നും സ്പുട്‌നിക് 5 വന്‍തോതില്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ദിമിത്രീവ് പറഞ്ഞു. വാക്‌സീന്‍ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ നിരവധി രാജ്യങ്ങള്‍ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഇന്ത്യയുമായി സഹകരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്‌കോ ഗമാലിയ ഗവേഷണ സര്‍വകലാശാലയും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് ‘സ്പുട്‌നിക് 5’ വികസിപ്പിച്ചത്. റഷ്യയുടെ കോവിഡ് വാക്‌സിനീല്‍ ഇന്ത്യയും താത്പര്യം പ്രകടിപ്പിച്ചിരുന്നു. റഷ്യക്ക് പുറമേ, യുഎഇയിലും സൗദി അറേബ്യയിലും ബ്രസീലിലും ഇന്ത്യയിലും വാക്‌സീന്‍ പരീക്ഷണം നടത്തുമെന്നും ഇന്ത്യയില്‍ വാക്‌സീന്‍ നിര്‍മിക്കുന്നതിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ദിമിത്രീവ് പറഞ്ഞു

‘ഇന്ത്യയുമായും ഇന്ത്യയിലെ ശാസ്ത്രഞ്ജരുമായും നിര്‍മാണ കമ്പനികളുമായും റഷ്യയ്ക്ക് സഹകരണമുണ്ട്. അവര്‍ ഞങ്ങളുടെ സാങ്കേതിക വിദ്യ പെട്ടെന്നു മനസിലാക്കുന്നു’ ഒരു ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ ദിമിത്രീവ് പറഞ്ഞു.

വാക്‌സീന്‍ സുരക്ഷിതമാണെന്നാണു റഷ്യന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. മനുഷ്യരിലെ പരീക്ഷണങ്ങള്‍ വിജയിച്ചതായി റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. വാക്‌സീന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനായി 20,000 ആളുകള്‍ നിലവിലുണ്ടെന്ന് മോസ്‌കോ ഗമാലിയ ഗവേഷണ സര്‍വകലാശാല ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്സ്ബര്‍ഗ് പറഞ്ഞു.

കോവിഡ് വാക്‌സീന്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് റഷ്യ. 40,000 പേരിലാണു റഷ്യ വികസിപ്പിച്ച വാക്‌സീന്‍ ഇനി പരീക്ഷിക്കുക. റഷ്യയിലെ ജനങ്ങളില്‍ വാക്‌സീന്‍ ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിനു മുന്നോടിയായാണു പരീക്ഷണമെന്നാണു റിപ്പോര്‍ട്ട്.

1957ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്‌നിക്കി’നെ അനുസ്മരിപ്പിച്ച് ‘സ്പുട്‌നിക് 5’ എന്നാണു വാക്‌സീന് റഷ്യ പേരു നല്‍കിയത്. വാക്‌സീന്റെ വന്‍തോതിലുള്ള ഉല്‍പാദനം ഒക്ടോബറോടെ തുടങ്ങുമെന്നാണു റിപ്പോര്‍ട്ടുകള്‍. വാക്‌സീന്‍ പരീക്ഷണ ഡോസ് സ്വീകരിച്ചവരില്‍ തന്റെ മകളുമുണ്ടെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു.

pathram:
Related Post
Leave a Comment