സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്നയ്ക്ക് ജാമ്യമില്ല

കൊച്ചി: സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി സ്വപ്ന സുരേഷിന് ജാമ്യമില്ല. രാജ്യത്തും വിദേശത്തും ഉന്നത സ്വാധീനമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട കേസാണിതെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതതല ബന്ധങ്ങള്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.

രാജ്യത്തും വിദേശത്തും ഉന്നത സ്വാധീനമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട കേസാണിത്. അതുകൊണ്ട് തന്നെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതതല ബന്ധങ്ങള്‍ പരിശോധിക്കണമെന്നും, ഇതിന് പിന്നില്‍ വലിയ സംഘമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള പണവും സ്വര്‍ണവും കള്ളപ്പണമാണെന്ന എന്‍ഫോഴ്സ്മെന്റിന്റെ വാദം തള്ളിക്കളയാനാകില്ല. കൂടാതെ ഈ പണത്തിന്റെ ഉറവിടമെന്ന് പ്രതി പറയുന്നത് തെളിയിക്കേണ്ടത് പ്രതിയുടെ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതി സ്വപ്നസുരേഷിനെതിരേ കൃത്യമായ തെളിവുകളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ചേര്‍ന്ന് ലോക്കറില്‍ പണം നിക്ഷേപിച്ചതില്‍ കൂടുതല്‍ തെളിവ് ശേഖരണം ആവശ്യമുണ്ടെന്നും കൂടാതെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ പറഞ്ഞിരുന്നു.

ശിവശങ്കറുമായുള്ള ഇടപാടുകളെ സംബന്ധിച്ചും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നതടക്കമുള്ള കാര്യങ്ങളാണ് എന്‍ഫോഴ്സ്മെന്റ് സ്വപ്നയുടെ ജാമ്യഹര്‍ജിക്കെതിരേ കോടതിയില്‍ വ്യക്തമാക്കിയത്.

pathram:
Related Post
Leave a Comment