ദിഷയുടെയും സുശാന്തിന്റെയും മരണങ്ങളില്‍ ഉന്നതന് പങ്ക്

മുംബൈ : ഓരോ ദിവസവും പുതിയ കഥകളും ഊഹാപോഹങ്ങളുമാണു സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു പുറത്തുവരുന്നത്. ബോളിവുഡിലെ സ്വജന പക്ഷപാതത്തില്‍ തുടങ്ങിയ വെളിപ്പെടുത്തലുകള്‍ ബിഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി വരെ മാറി. കേന്ദ്ര സര്‍ക്കാരും തര്‍ക്കത്തിന്റെ ഒരറ്റത്തുണ്ട്. കേസിന്റെ തുടക്കം മുതല്‍ മുംബൈ പൊലീസിന്റെ ഇടപെടലുകള്‍ ദുരൂഹമാണെന്ന ആരോപണത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്; ദിഷയുടെയും സുശാന്തിന്റെയും മരണങ്ങളില്‍ മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാവുമായ ആദിത്യ താക്കറെയ്ക്കു പങ്കുണ്ട് എന്ന ആരോപണമാണത്.

‘സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ല, നൂറുവട്ടം ഉറപ്പാണ്. മുന്‍ മാനേജര്‍ ദിഷയുടെ മരണത്തെ കുറിച്ചു കുറേ കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. ദിഷയുടെ മരണത്തോടെ സുശാന്ത് അസ്വസ്ഥനായിരുന്നു. ദിഷയെ അപായപ്പെടുത്തിയവര്‍ തന്നെയും അപായപ്പെടുത്തുമെന്നു ഭയന്നു. അവസാന നാളുകളില്‍ സുശാന്ത് ആരെയോ ഭയപ്പെട്ടിരുന്നു. മുഖത്തു ഗുരുതരമായ പരുക്കുകള്‍ തെളിഞ്ഞു കാണാമായിരുന്നു, പൊലീസ് അതു കാര്യമായി എടുത്തില്ല’ പറയുന്നതു സ്മിത പരീഖ്, സുശാന്തിന്റെ കുടുംബ സുഹൃത്തും ഉറ്റചങ്ങാതിയും. സുശാന്തിന്റെ മരണം നടന്ന് ഏതാനും നാളുകള്‍ക്കു ശേഷം പുറത്തുവന്ന സ്മിതയുടെ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വലിയ ഊഹാപോഹങ്ങള്‍ക്കും വഴിതുറന്നു.

ജൂണ്‍ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തില്‍നിന്നു വീണു മരിച്ച നിലയിലാണു സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയാന്റെ മൃതദേഹം കണ്ടെടുത്തത്; സുശാന്ത് ജീവനൊടുക്കിയതിനു കൃത്യം ഒരാഴ്ച മുന്‍പ്. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും കഴുത്തില്‍ ചങ്ങല കുരുക്കി സുശാന്തിനെ പ്രതിയോഗികള്‍ വകവരുത്തിയതാണെന്നും തുടര്‍ന്നു കഥകള്‍ പ്രചരിച്ചു. ദിഷ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതാണെന്നും ട്വിറ്ററില്‍ വന്‍ പ്രചാരണമുണ്ടായി. നടന്‍ സൂരജ് പഞ്ചോളിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യയും ദിഷ കൊല്ലപ്പെട്ട അന്നു മലാഡിലെ കെട്ടിട സമുച്ചയത്തില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതായി ചില പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെ രാഷ്ട്രീയ പോര് മുറുകി.

‘ദിഷ ഗര്‍ഭിണിയായിരുന്നില്ല. ബലാത്സംഗത്തിനിരയായെന്ന വാര്‍ത്തകള്‍ തെറ്റാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ഞങ്ങളുടെ കുടുംബത്തെ വെറുതെ വിടൂ. മുംബൈ പൊലീസിനെ ഞങ്ങള്‍ക്ക് വിശ്വാസമാണ്’ കൈകള്‍ കൂപ്പി ദിഷ സാലിയാന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്ന് സമ്മര്‍ദമുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി. ദിഷ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളെ കുറിച്ച് പരാമര്‍ശമുണ്ടെന്നു ബിജെപി എംപി നാരായണ്‍ റാണ പറഞ്ഞതോടെ വിവാദം ആളിക്കത്തി.

സുശാന്തിന്റെ മരണശേഷം മീനാഷി മീനു എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ നിരവധി ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളുമാണു പങ്കുവയ്ക്കപ്പെട്ടത്. ദിഷയുടെ മരണത്തിനു ശേഷം അന്‍പതോളം സിം കാര്‍ഡുകള്‍ സുശാന്ത് മാറ്റിയെന്നും മഹേഷ് ഭട്ടിന്റെ നിര്‍ദേശം അനുസരിച്ചാണ് ജനുവരി 10ന് കാമുകി റിയ ചക്രവര്‍ത്തി സുശാന്തിന്റെ വീട്ടില്‍നിന്ന് മാറി താമസിച്ചതെന്നും പ്രചാരണമുണ്ടായി. ദിഷയുടെയും സുശാന്തിന്റെയും മരണത്തില്‍ മുംബൈ പൊലീസ് സ്വീകരിച്ച നടപടികളിലും ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ടായി.

പ്രചരിക്കുന്ന ആരോപണം ഇങ്ങനെ: ‘പാര്‍ട്ടി നടത്താന്‍ ദിഷയെ സൂരജ് പഞ്ചോളി ക്ഷണിച്ചു. അര്‍ബാസ് ഖാന്‍, ആദിത്യ താക്കറെ, റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍, മറ്റു ചില സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ അവിടെയുണ്ടായിരുന്നു. പാര്‍ട്ടിക്കിടെ അവര്‍ ദിഷയെ ബലാത്സംഗം ചെയ്യുകയും 14ാം നിലയിലെ അവളുടെ ഫ്‌ലാറ്റില്‍നിന്നു താഴേക്കു തള്ളിയിട്ട് ആത്മഹത്യയെന്ന തരത്തില്‍ കൊല്ലുകയും ചെയ്തു. ബലാത്സംഗത്തിനും കൊല്ലപ്പെടലിനും ഇടയിലെ നേരത്ത് സുശാന്തിനെ വിളിച്ച് ദിഷ സംസാരിച്ചു. സന്ദീപ് സിങ്ങിനോടും റിയയോടും സുശാന്ത് എല്ലാം പറഞ്ഞു. സന്ദീപ്, സുരാജിനെയും ആദിത്യയെയും ഈ വിവരം അറിയിച്ചു. തന്റെ സഹോദരന്‍ ഉള്‍പ്പെട്ടതിനാല്‍ സുശാന്തിനെ വകവരുത്താനുള്ള പദ്ധതിയില്‍ റിയയും ചേര്‍ന്നു. ജൂണ്‍ 13ന് രാത്രി സുശാന്തിന്റെ സ്ഥലത്ത് പാര്‍ട്ടി സംഘടിപ്പിച്ചു. അന്ന് ആദിത്യയുടെ പിറന്നാളുമായിരുന്നു. സുശാന്തിന്റെ ഫ്‌ലാറ്റിലെ സിസിടിവി ഓഫ് ചെയ്തു. ആ ദിവസം ആദിത്യ ഉള്‍പ്പെടെയുള്ളവര്‍ വരുന്നത് അയല്‍പക്കത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ദിഷയുടെ മരണവുമായി ബന്ധപ്പെട്ട ഫയലുകള്‍ ബിഹാര്‍ പൊലീസിന് കൈമാറാനാകില്ലെന്ന് മുംബൈ പൊലീസ് തുടക്കം മുതല്‍ നിലപാട് എടുത്തിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിലെ ഉന്നതനെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. മാല്‍വാനി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പില്‍ നിന്ന് ഫയലുകള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അശ്രദ്ധ മൂലം അബദ്ധത്തില്‍ ഡിലീറ്റ് ചെയ്യപ്പെട്ടുവെന്നു പിന്നാലെ വിശദീകരണം വന്നു. നഷ്ടപ്പെട്ട ഫയലുകള്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും നിലപാട് എടുത്തതോടെ മുംബൈ പൊലീസ് ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ബിഹാര്‍ പൊലീസും പരസ്യമായി ആരോപിച്ചു.

ഈ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി മുംബൈയിലെത്തിയ ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥനെ കോവിഡ് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടി തടഞ്ഞതും ക്വാറന്റീനിലാക്കിയതും വലിയ ചര്‍ച്ചയായി. ദിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ മുംബൈ പൊലീസിന്റെ വീഴ്ചകള്‍ പരസ്യമായി. തലയ്‌ക്കേറ്റ പരുക്കുകള്‍ കൂടാതെ ദിഷയുടെ ശരീരത്തില്‍ ചില അസ്വാഭാവിക പരുക്കുകള്‍ കൂടി കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ജൂണ്‍ 8ന് മരിച്ച ദിഷയുടെ പോസ്റ്റ്‌മോര്‍ട്ടം ജൂണ്‍ 11ന് ആണ് നടന്നത്. അതു വൈകിപ്പിച്ചത് ബോധപൂര്‍വമാണെന്നും പരാതിയുയര്‍ന്നു.

മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ പരിശോധനയ്ക്ക് അയയ്ക്കാനോ തുടര്‍പരിശോധനയ്ക്കായി സൂക്ഷിക്കാനോ മുംബൈ പൊലീസ് തയാറായില്ല. ഇത് വിമര്‍ശനത്തിന് കാരണമായി. തെളിവെടുപ്പിനു ഫൊറന്‍സിക് സംഘമെത്താതിരുന്നതും സംശയകരമായിരുന്നു. ദിഷയുടെ മരണ ശേഷം സ്വകാര്യ ഭാഗങ്ങളിലെ സ്രവം പൊലീസ് പരിശോധനയ്ക്കായി അയച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതും സംശയത്തിന് ഇട നല്‍കി. ദിഷയുടെ മരണത്തെപ്പറ്റി സുശാന്തിന് അറിയാമായിരുന്നെന്നും ഏറെനാള്‍ അതു മറച്ചുവയ്ക്കാന്‍ അദ്ദേഹത്തിനു കഴിയില്ലെന്നും പ്രതികള്‍ കണക്കുകൂട്ടിയെന്നുമാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular