സ്വപ്നയും ശിവശങ്കറും സ്വത്ത് പങ്കുവച്ചെന്ന് ഇഡി

കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും ഒന്നിച്ചു നടത്തിയ വിദേശ യാത്രയുടെ വിശദവിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലഭിച്ചു. 2017 ഏപ്രിലിൽ ഇരുവരും ഒരുമിച്ചു യുഎഇ സന്ദർശിച്ചു. 2018 ഏപ്രിലിൽ ശിവശങ്കറിന്റെ ഒമാൻ യാത്രയ്ക്കിടയിൽ സ്വപ്ന അവിടെയെത്തി അദ്ദേഹത്തെ കണ്ടു; മടക്കയാത്ര ഒരുമിച്ചായിരുന്നു. 2018 ഒക്ടോബറിൽ പ്രളയദുരിതാശ്വാസ സഹായം തേടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യുഎഇ യാത്രയിലും ശിവശങ്കറിനെ സ്വപ്ന അനുഗമിച്ചു.

ശിവശങ്കറിനെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച ഇൗ വിവരങ്ങൾ സ്വപ്നയുടെ മൊഴിയിലുമുണ്ടെന്നാണു വിവരം. ഇവയുടെ വിശദാംശങ്ങൾക്കായി ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയ്ക്കു മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടെന്ന നിലപാട് ഇന്നലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലും ഇഡി ആവർത്തിച്ചു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിൽ സ്വർണം കടത്താൻ പ്രതികൾ ദുബായിൽ ഗൂഢാലോചന നടത്തിയത് 2019 ഓഗസ്റ്റിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ശിവശങ്കർ നിർദേശിച്ച പ്രകാരം അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റും സ്വപ്നയും ചേർന്ന് ബാങ്ക് ലോക്കർ എടുക്കുന്നത് 2018 നവംബറിലും. സ്വർണക്കടത്തിനു മുൻപു തന്നെ സ്വപ്നയും ശിവശങ്കറും സമ്പത്തു പങ്കുവച്ചതിന്റെ തെളിവായാണ് ഇതിനെ അന്വേഷണസംഘം വിലയിരുത്തുന്നത്. പ്രളയദുരിതാശ്വാസം തേടിയുള്ള സംഘത്തെ സ്വപ്ന അനുഗമിക്കുന്ന വിവരം അവരെ നയിച്ച മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് മൊഴി.

സ്മാർട് സിറ്റി, നിക്ഷേപസംഗമം, പ്രളയ ദുരിതാശ്വാസം

തിരുവനന്തപുരം സ്വപ്നയ്ക്കൊപ്പം വിദേശയാത്ര നടത്തിയതായി ഇഡി കണ്ടെത്തിയ തീയതികളിൽ ശിവശങ്കറിന്റെ ഔദ്യോഗിക ദൗത്യങ്ങൾ.
• 2017 ഏപ്രിൽ: കൊച്ചി സ്മാർട് സിറ്റി പദ്ധതി തുടർപ്രവർത്തനങ്ങളുടെ അവലോകനം.

• 2018 ഏപ്രിൽ: ദുബായിൽ വാർഷിക നിക്ഷേപ സംഗമത്തിനു ശേഷം ഐടി കമ്പനികളുടെ സഹകരണസാധ്യത തേടി ശിവശങ്കർ ഒമാനിലെത്തി. ഈ യാത്രയുടെ ചെലവ് കൊച്ചി ഇൻഫോപാർക്കിന്റെ അക്കൗണ്ടിൽ നിന്ന്. എന്നാൽ, ഒമാനിൽ നിന്ന് കേരളത്തിൽ നിക്ഷേപം വന്നതായി ഇതുവരെ സൂചനയില്ല.

• 2018 ഒക്ടോബർ: പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ സംഘം യുഎഇയിൽ ഉണ്ടായിരുന്നപ്പോൾ.

Similar Articles

Comments

Advertismentspot_img

Most Popular