ധോണിക്കൊപ്പം ആ 7–ാം നമ്പർ ജഴ്സിയും ‌വിരമിക്കട്ടെ: ആദ്യ ശബ്ദമായി കാർത്തിക്

ന്യൂഡൽഹി: സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ കാര്യത്തിൽ ചെയ്തതുപോലെ, രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച മഹേന്ദ്രസിങ് ധോണിയുടെ ജഴ്സി ഇനിയാർക്കും നൽകരുതെന്ന ആവശ്യവുമായി ഇന്ത്യൻ താരം ദിനേഷ് കാർത്തിക്. സച്ചിൻ വിരമിച്ച സാഹചര്യത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി 10–ാം നമ്പർ ജഴ്സി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പിൻവലിച്ചിരുന്നു. സമാനമായ രീതിയിൽ ധോണിയുടെ ഏഴാം നമ്പർ ജഴ്സിയും പിൻവലിക്കണമെന്നാണ് ആവശ്യം.

ധോണിയുടെ കരിയറിലെ അവസാന രാജ്യാന്തര മത്സരമായി മാറിയ കഴിഞ്ഞ വർഷത്തെ ലോകകപ്പ് സെമി പോരാ‍ട്ടത്തിൽ, ന്യൂസീലൻഡിനോടു തോറ്റതിനു പിന്നാലെ ധോണിക്കൊപ്പം പകർത്തിയ ചിത്രം സഹിതമുള്ള പോസ്റ്റിലാണ് കാർത്തിക് ഈ ആവശ്യം ഉയർത്തിയത്. ധോണിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഏഴാം നമ്പർ ജഴ്സി പിൻവലിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെടുന്ന ആദ്യത്തെ ക്രിക്കറ്റ് താരമാണ് കാർത്തിക്.

‘കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിൽ സെമി പോരാട്ടത്തിനുശേഷം ഏറ്റവും ഒടുവിൽ പകർത്തിയ ചിത്രമാണിത്. ഈ യാത്രയിൽ അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തങ്ങളുണ്ട്. വൈറ്റ് ബോൾ ക്രിക്കറ്റിൽനിന്ന് ഏഴാം നമ്പർ ജഴ്സിയും വിരമിച്ചതായി ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് എന്റെ വിശ്വാസം’ – ധോണിക്കൊപ്പമുള്ള ചിത്രം സഹിതം കാർത്തിക് കുറിച്ചു.

• സച്ചിന്റെ ജഴ്സിയും വിവാദവും

ചെറിയൊരു വിവാദത്തിന്റെ കൂടി അകമ്പടിയോടെയാണ് മൂന്നു വർഷം മുൻപ് സച്ചിന്റെ 10–ാം നമ്പർ ജഴ്സി ബിസിസിഐ പിൻവലിച്ചത്. തന്റെ 24 വർഷത്തെ കരിയറിൽ കൂടുതലും സച്ചിൻ അണിഞ്ഞത് 10–ാം നമ്പർ ജഴ്സിയായിരുന്നു. 2013 നവംബറിലാണ് സച്ചിൻ വിരമിച്ചത്. 2012 നവംബർ 10ന് പാക്കിസ്ഥാനെതിരെയാണു സച്ചിന്‍ അവസാനമായി പത്താം നമ്പർ ജഴ്സിയണിഞ്ഞത്. സച്ചിന്റെ വിടവാങ്ങലോടെ ഈ ജഴ്സിയും ഇല്ലാതാകുമെന്നാണ് ആരാധകർ കരുതിയത്.

എന്നാല്‍, 2017 ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിനത്തില്‍ മുംബൈ ഫാസ്റ്റ് ബോളര്‍ ഷാർ‌ദുല്‍ ഠാക്കൂറിന് 10–ാം നമ്പർ ജഴ്സി നൽകിയത് വിവാദമായി. വലിയ പ്രതിഷേധത്തിനും വിമർശനത്തിനും ഇത് വഴിയൊരുക്കി. സച്ചിനെ പോലെയാകാൻ ശ്രമിക്കുന്നു എന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. തുടർന്ന് മറ്റ് താരങ്ങൾ ഈ നമ്പർ സ്വീകരിക്കാൻ മടിച്ചു. ഇതോടെയാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 10–ാം നമ്പർ ജഴ്സി പിൻവലിക്കാൻ ബിസിസിഐ അനൗദ്യോഗികമായി തീരുമാനിച്ചത്. സച്ചിനോടുള്ള ആദരസൂചകം കൂടിയാണ്

കായികലോകത്ത് താരങ്ങളുടെ ജഴ്സി നമ്പരിനും വൈകാരിക സ്ഥാനമുണ്ട്. നിരവധി ഫുട്ബോൾ ക്ലബുകൾ ജഴ്സി പിൻവലിച്ചിട്ടുമുണ്ട്. 2014ൽ അർജന്റീന ഡിഫൻഡർ ഹവിയർ സനേറ്റിയുടെ വിരമിക്കലിനെ തുടർന്ന് ഇന്റർ മിലാൻ ക്ലബ് നാലാം നമ്പർ ജഴ്സി ഒഴിവാക്കി. ബോബി മൂറിന്റെ വിരമിക്കലോടെ ആറാം നമ്പർ ജഴ്സി വെസ്റ്റ് ഹാം യുണൈറ്റഡും പൗലോ മാൽഡീനിയുടെ വിരമിക്കലിനുശേഷം മൂന്നാം നമ്പർ ജഴ്സി എസി മിലാനും പിൻവലിച്ചു.

എന്നാൽ രാജ്യാന്തര ഫുട്ബോളിൽ ഇത് പതിവില്ല. ഇതിഹാസ താരം ഡിയഗോ മറഡോണയുടെ ബഹുമാനാർഥം 10–ാം നമ്പർ ജഴ്സി പിൻവലിക്കാൻ അർജന്റീന തീരുമാനിച്ചിരുന്നു. എന്നാൽ 23 അംഗ ടീമിൽ 24–ാം നമ്പർ ജഴ്സി അനുവദിക്കാനാവില്ലെന്ന് ഫിഫ 2002ലെ ലോകകപ്പിൽ നിലപാടെടുത്തു. ഇപ്പോൾ 10–ാം നമ്പറിൽ സൂപ്പർതാരം ലയണൽ മെസ്സിയാണ് കളിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51