ഓണ്‍ലൈന്‍ ക്ലാസ്: 1.78 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ സൗജന്യമായി നല്‍കുന്നു

ചണ്ഡിഗഢ്: ഓണ്‍ലൈനിലൂടെയുള്ള പഠനം ഉറപ്പുവരുത്തുന്നതിനും സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പഠനവിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുന്ന പദ്ധതി ഓഗസ്റ്റ് 12 ന് ഉദ്ഘാടനം ചെയ്യും. ലോക്ക്ഡൗണ്‍ മൂലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിക്കുന്നത് വൈകുന്നതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവജനതയ്ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ നിറവേറ്റുന്നതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളും പ്രധാന നഗരങ്ങളും പട്ടണങ്ങളും ഉള്‍പ്പെടുന്ന 26 വിവിധ ഭാഗങ്ങളിലായാണ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് നടത്തുന്നത്. പരിപാടിയ്ക്കായി ജനങ്ങള്‍ തിങ്ങിക്കൂടുന്നത് തടയാനാണിതെന്ന് അമരീന്ദര്‍ സിങ് വ്യക്തമാക്കി.

എല്ലാ പട്ടണങ്ങളിലേയും 15 വിദ്യാര്‍ഥികളെ മാത്രം പരിപാടിയില്‍ പങ്കെടുപ്പിക്കും. ഇതു സംബന്ധിച്ച് എല്ലാ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കും മുഖ്യമന്ത്രി കത്തയച്ചു. നവംബറോടെ സംസ്ഥാനത്തെ 1.78 ലക്ഷത്തോളം വരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ 50,000 ത്തോളം പേര്‍ക്ക് ബുധനാഴ്ച ഫോണുകള്‍ വിതരണം ചെയ്യും.

‘ക്യാപ്റ്റന്‍ സ്മാര്‍ട്ട് കണക്ട്’ എന്ന കുറിപ്പും മുഖ്യമന്ത്രിയുടെ ചിത്രവും ഫോണിന്റെ പിന്‍ഭാഗത്ത് പരിപ്പിച്ചിരിക്കും. സര്‍ക്കാരിന്റെ ഇ- സേവ ആപ്പ് ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്താണ് നല്‍കുന്നത്. ഫോണുകളുടെ രണ്ടാംഘട്ട വിതരണം അടുത്ത് തന്നെ ഉണ്ടാകുമെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular