നിര്‍ണായക തീരുമാനവുമായി പ്രതിരോധ മന്ത്രി; 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മികച്ച ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരതിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് പ്രതിരോധ മന്ത്രാലയമാണ്. ഇതിന്റെ ഭാഗമായി 101 ഇനങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്നും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശീയമായി ഇവ നിര്‍മിക്കാന്‍ ഇന്ത്യയിലെ പ്രതിരോധ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വലിയ അവസരമാണ് ഇത് തുറന്നു നല്‍കുന്നത്.

നിരോധിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളില്‍ ലഘുവായ ഉപകരണങ്ങള്‍ മാത്രമല്ല ആധുനിക ആയുധങ്ങളും ഉള്‍പ്പെടും. ആര്‍ട്ടിലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍, സോണ്‍ സിസ്റ്റം, ചരക്ക് വിമാനങ്ങള്‍, ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടും.

കരസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടി 2015 മുതല്‍ 2020 വരെ 1,30,000 കോടി രൂപയാണ് രാജ്യം ചെലവിടുന്നത്. നാവികസേനയ്ക്കായി 1,40,000 കോടിയും ഇതേ സമയത്ത് ചെലവിടേണ്ടതായി വന്നു.

മൂന്നുസേനകള്‍ക്കുമായി ഇത്തരത്തില്‍ 260 പദ്ധതികളിലായി 3.5 ലക്ഷം കോടി രൂപയാണ് ചെലവിടേണ്ടി വരുന്നത്. അടുത്ത ആറുമുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കുളില്‍ ഇതിനായി ആഭ്യന്തര വിപണിയില്‍ 4 ലക്ഷം കോടിരൂപ ചെലവിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

2020 മുതല്‍ 2024 വരെയാകും പ്രതിരോധ ഇറക്കുമതി നിരോധന നയം തുടരുക. സേനകളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ആഭ്യന്തര പ്രതിരോധ വ്യവസായത്തെ ഉയര്‍ത്താനും അതുവഴി സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് ലക്ഷ്യമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular