ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞു: മലയാളത്തില്‍ നിന്നും മാറി നിന്ന കാരണം വെളിപ്പെടുത്തി അനുപമ

‘പ്രേമം’ സിനിമയിലെ മേരി എന്ന കഥാപാത്രമായാണ് നടി അനുപമ പരമേശ്വരന്‍ സിനിമാരംഗത്തേക്ക് എത്തിയത്. എന്നാല്‍ പ്രേമത്തിന് ശേഷം വിമര്‍ശനങ്ങളും ട്രോളുകളും വന്നതോടെയാണ് മലയാളത്തില്‍ സജീവമാകാതെ അന്യഭാഷകളിലേയ്ക്ക് ചേക്കേറിയതെന്ന് നടി പറയുന്നു. ജാഡ, അഹങ്കാരി എന്നീ ട്രോളുകള്‍ വിഷമിപ്പിച്ചതിനാലാണ് മലയാളത്തില്‍ നിന്നും മാറി നിന്നതെന്നും അനുപമ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

‘പ്രേമത്തിന്റെ റിലീസിന് ശേഷം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നു. ജാഡയാണ് അഹങ്കാരിയാണ് എന്നും വിളിച്ചു. പ്രേമം സിനിമയുടെ പ്രൊമോഷന്‍ സമയത്ത് ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. സിനിമയുമായി ബന്ധമില്ലാത്ത ചിലര്‍ പറഞ്ഞത് അനുസരിച്ചായിരുന്നു അത്. സത്യത്തില്‍ അഭിമുഖം നൽകി ഞാൻ തന്നെ മടുത്തുപോയി. ’

‘തൃശൂര്‍ നിന്നുള്ള ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നതിനാല്‍ അവര്‍ പറഞ്ഞത് പോലെ ഞാന്‍ അനുസരിച്ചു. സിനിമ റിലീസ് ചെയ്തപ്പോള്‍, അതില്‍ ഞാന്‍ കുറച്ച് ഭാഗത്ത് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ആളുകള്‍ എന്നെ ട്രോളാന്‍ തുടങ്ങി. എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഞാന്‍ സിനിമയുടെ പബ്ലിസിറ്റി ഉപയോഗിച്ചെന്ന് അവര്‍ക്ക് തോന്നി. ട്രോളുകള്‍ എന്നെ വിഷമിപ്പിച്ചു. അതിനാല്‍ മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്നെ തേടിയെത്തിയ സിനിമകള്‍ നിരസിക്കാന്‍ തുടങ്ങി.’

‘അപ്പോഴാണ് ഒരു നെഗറ്റീവ് റോളിനായി തെലുങ്കിലെ ഒരു വലിയ പ്രൊഡകഷന്‍ ഹൗസ് എന്നെ സമീപിച്ചത്. എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് ചിലര്‍ പറഞ്ഞതിനാല്‍ അത് ഞാന്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ഒരു പുതിയ ഭാഷ പഠിച്ച് തെലുങ്കിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു. അതിന് ശേഷം രണ്ട് തെലുങ്ക് ചിത്രങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് തമിഴ് സിനിമ ലഭിച്ചു.’-അനുപമ പറയുന്നു.

ഇതിനോടകം ഏഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച അനുപമ െതന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളാണ്. മൂന്ന് വർഷങ്ങൾക്കു ശേഷം അനുപമ വീണ്ടും മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് മണിയറയിലെ അശോകൻ. ദുൽഖർ സൽമാൻ നിർമിക്കുന്ന ഈ ചിത്രത്തിൽ സഹസംവിധായികയായും അനുപമ പ്രവർത്തിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular