‘ഞാൻ എത്തുമ്പോഴേക്കും സുശാന്തിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കിടത്തിയിരുന്നു’ വെളിപ്പെടുത്തലുമായി അക്ഷയ് ബദ്കർ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം നടന്ന ജൂൺ 14 ന് മുംബൈ പൊലീസിൽനിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മൃതദേഹം ആശുപത്രിയിലെത്തിക്കാനായി സുശാന്തിന്റെ വസതിയിൽ എത്തിയതായിരുന്നു ഞാൻ. എന്നാൽ എന്നെ അമ്പരിപ്പിച്ചു കൊണ്ട് മൃതദേഹം തുണി ഉപയോഗിച്ച് ഭംഗിയായി പൊതിഞ്ഞിരുന്നു. എനിക്ക് കൂടുതൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സുശാന്തിന്റെ മൃതദേഹം ആംബുലൻസിൽ കയറ്റിയത് ഞാനാണ്– ദേശീയ മാധ്യമത്തിന് അക്ഷയ് ബദ്കർ എന്ന യുവ ആംബുലൻസ് ഡ്രൈവർ നൽകിയ അഭിമുഖത്തിൽ ഞെട്ടിയിരിക്കുകയാണ് ബോളിവുഡും മുംബൈ പൊലീസും.

മുംബൈ പൊലീസ് നിയോഗിച്ച ആളുകൾക്കൊപ്പം മൃതദേഹം നീക്കാൻ താനും ഉണ്ടായിരുന്നതായി അക്ഷയ് അവകാശപ്പെടുന്നു. അന്ന് മുതൽ ഇന്ന് വരെ നിരന്തരം പ്രശ്നങ്ങൾക്കു നടുവിലാണ് ഞാൻ. എന്നെ ഇല്ലാതാക്കുമെന്നും ഉപദ്രവിക്കുമെന്നും തുടങ്ങി നിരവധി ഫോൺ കോളുകളാണ് എന്നെ തേടിയെത്തുന്നത്. ഇതിൽ പലതും രാജ്യാന്തര കോളുകളാണെന്നും അക്ഷയ് പറയുന്നു. അക്ഷയ് ബ്ദകറിന്റെ വെളിപ്പടുത്തലോടെ മുംബൈ പൊലീസ് പ്രതിരോധത്തിലായി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് വെളിപ്പെടുത്തലുമായി ആംബുലൻസ് ഡ്രൈവർ രംഗത്തെത്തുന്നതും.

ആദ്യം മൃതദേഹം നാനാവതി ആശുപത്രിയിൽ എത്തിക്കുമെന്നാണ് പറഞ്ഞതെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റി. കൂപ്പർ ഹോസ്പിറ്റിലേക്കാണ് ഞങ്ങൾ മൃതദേഹവുമായി പോയത്. എന്നാൽ ഡ്രൈവറുടെ വെളിപ്പെടുത്തലിൽ ഗുരുതരമായി ഒന്നുമില്ലെന്നും സൗകര്യം പരിഗണിച്ചാണ് ഇവിടെ പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും കൂപ്പർ ആശുപത്രി ഡീൻ ഡോക്ടർ പ്രിയങ്ക. ഡി. ഗുജ്ജാർ വ്യക്തമാക്കി.

എന്നാൽ ആംബുലൻസ് ഉടമ ലക്ഷമൺ ബദ്കർ ഡ്രൈവറുടെ വാദം തള്ളി. ലക്ഷമണിന്റെ മൊഴി അനുസരിച്ച് മുംബൈ പൊലീസാണ് മൃതദേഹം സംഭവം സ്ഥലത്തുനിന്ന് നീക്കം ചെയ്തതെന്നും ഡ്രൈവറുടെ അവകാശവാദം തെറ്റാണെന്നും ലക്ഷമൺ പറഞ്ഞു. സുശാന്ത് സിങ് രാജ്പുത്തിന് ഉൻമാദവും വിഷാദവും മാറിമാറി വരുന്ന ബൈപോളാർ അസുഖം ഉണ്ടായിരുന്നുവെന്ന് മുംബൈ പൊലീസ് പത്രസമ്മേളനം നടത്തി പറഞ്ഞ ദിവസം തന്നെയാണ് കേസിലെ നിർണായകമായ വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുന്നത്. കേസിലെ പല നിർണായക വിവരങ്ങളും മുംബൈ പൊലീസ് വിട്ടുകളഞ്ഞുവെന്നു സുശാന്തിന്റെ പിതാവിന്റെ പരാതി അന്വേഷിക്കുന്ന ബിഹാർ പൊലീസ് ആരോപിച്ചിരുന്നു.

പല നിർണായക വിവരങ്ങളും കൈമാറി കേസ് അന്വേഷണത്തിൽ ഞങ്ങളെ സഹായിക്കുന്നതിനു പകരം കേസിൽ അന്വേഷണം നടത്തുന്ന ബിഹാർ പൊലീസ് ഉദ്യോഗസ്ഥനെ തടഞ്ഞു വയ്ക്കുകയാണ് അവർ ചെയ്തതെന്നു ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് തിവാരിയുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തെ ആസ്പദമാക്കി ബിഹാർ ഡിജിപി ഗുപ്തശ്വേർ പാണ്ഡ്യ പറഞ്ഞു.

കഴിഞ്ഞ നാല് വർഷത്തിനിടെ 50 കോടി രൂപയാണ് സുശാന്തിന്റെ അക്കൗണ്ടിൽനിന്ന് പിൻവലിക്കപ്പെട്ടത്. കഴിഞ്ഞ വർഷം അക്കൗണ്ടിൽ വന്ന 17 കോടിയിൽ 15 കോടിയും പിൻവലിക്കപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ ശക്തമായ അന്വേഷണം നടത്താതെ സുശാന്തിന് ബൈപോളാർ അസുഖം ഉണ്ടെന്ന മുംബൈ പൊലീസിന്റെ തുറന്നുപറച്ചിൽ ആരെ സഹായിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. പട്നയിൽനിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് തിവാരിയോടു ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ബിഎംസി അധികൃതർ ആവശ്യപ്പെട്ടതിനെ ഡിജിപി ശക്തമായ അപലപിക്കുകയും ചെയ്തു.

ജൂൺ 14നാണ് ബാന്ദ്രയിലെ വീട്ടിൽ സുശാന്ത് സിങ്ങിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്ത് വിഷാദത്തിന് ചികിൽസയിലായിരുന്നുവെന്ന് അടുപ്പമുള്ളവർ പറഞ്ഞിരുന്നു. അതേസമയം, കാമുകി റിയ ചക്രവർത്തിക്കെതിരെ സുശാന്തിന്റെ കയ്യിൽനിന്ന് പണം തട്ടിയതടക്കമുള്ള കേസുകളിൽ ബിഹാർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular