ജോഗിങ്ങിനിടെ ഇന്ത്യന്‍ വംശജയായ ഗവേഷക യുഎസില്‍ കൊല്ലപ്പെട്ടു

വാഷിങ്ടൺ: ഇന്ത്യൻ വംശജയായ ഗവേഷക അമേരിക്കയിൽ കൊല്ലപ്പെട്ടു. ശർമ്മിഷ്ഠ സെന്നാ(43)ണ് ജോഗിങ്ങിനിടെ കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ടെക്സാസിലെ പ്ലാനോ നഗരത്തിൽ താമസിച്ചിരുന്ന ശർമ്മിഷ്ഠയ്ക്ക് നേരെ ചിഷോം ട്രെയ്ൽ പാർക്കിന് സമീപം ഓഗസ്റ്റ് ഒന്നിനാണ് ആക്രമണമുണ്ടായത്. ലെഗസി ഡ്രൈവിനും മാർച്ച്മാൻ വേയ്ക്കും സമീപത്തുള്ള വഴിയിലാണ് ശർമ്മിഷ്ഠയുടെ മൃതദേഹം കണ്ടെത്തിയത്.

കാൻസർ രോഗികളോടൊപ്പം ഫാർമസിസ്റ്റ് ആയി പ്രവർത്തിച്ചു വരികയായിരുന്ന ശർമ്മിഷ്ഠ, മോളിക്യുലർ ബയോളജിയിൽ ഗവേഷണവും നടത്തുകയായിരുന്നുവെന്ന് ഫോക്സ് 4 ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇവർക്ക് രണ്ട് ആൺകുട്ടികളുണ്ട്.

കൊലപാതകവുമായി ബന്ധമുള്ള ഒരാളെ കവർച്ചയ്ക്ക് അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. ഇരുപത്തൊമ്പതുകാരനായ ബകാരി അബിയോണ മോൺക്രിഫ് ആണ് അറസ്റ്റിലായത്. ഇയാളിപ്പോൾ കോളിൻ കൗണ്ടി ജയിലിലാണ്.

കൊലപാതകം നടന്ന സമയത്ത് സമീപത്തുള്ള മൈക്കൽ ഡ്രൈവിലെ വീട്ടിൽ ഒരാൾ അതിക്രമിച്ചു കടന്നതായും അസാധാരണമായ കേസാണെങ്കിലും ഇതു പോലെയുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ഒരു അത്ലറ്റ് കൂടിയായ ശർമ്മിഷ്ഠ എല്ലാദിവസം കുട്ടികളുണരുന്നതിന് മുമ്പ് ജോഗിങ്ങിന് പോകുന്ന പതിവുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് നിരവധി പേർ ശർമ്മിഷ്ഠയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരാനെത്തിയിരുന്നു.

എല്ലാവർക്കും പ്രിയങ്കരിയായിരുന്നു ശർമ്മിഷ്ഠയെന്നും അവർക്കുണ്ടായ അത്യാഹിതത്തിൽ അതിയായ ദുഃഖമുണ്ടെന്നും കുടുംബസുഹൃത്തായ മരിയോ മേജർ പറഞ്ഞു. വളരെ നല്ല കുടുംബത്തിന് സംഭവിച്ച ദുരന്തത്തിൽ ഖേദിക്കുന്നുവെന്ന് മറ്റൊരു സുഹൃത്തായ അനീഷ് ചിന്തല അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular