ഇന്ത്യയില്‍ കോവിഡ് മരണങ്ങള്‍ കുറയാനുള്ള കാരണം കണ്ടെത്തിയെന്ന് വിദഗ്ധര്‍

ജീവശാസ്ത്രപരമായ ചില പ്രത്യേകതകളാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് കുറയാന്‍ കാരണമെന്ന് ഒരു സംഘം വിദഗ്ധര്‍. ഇന്ത്യയിലെ പ്രമുഖ അര്‍ബുദ വിദഗ്ധഡോക്ടര്‍മാരുടെ സംഘമാണ് ലോകത്തിലെ ശാസ്ത്രജ്ഞരേയും ഗവേഷകരേയും കുഴക്കിയ ചോദ്യത്തിന് വിശദീകരണം നല്‍കിയിരിക്കുന്നത്.

ഞരമ്പുകളില്‍ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിലാകാനുള്ള സാധ്യത ഇന്ത്യാക്കാരില്‍ കുറവാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം. ഐസിഎംആറിന്റെ ഇന്ത്യന്‍ ജേണല്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ കോവിഡ് മരണനിരക്ക് ദശലക്ഷക്കണക്കിന്റെ അടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ താരതമ്യേന കുറവാണെന്ന് ഈ വിഷയത്തില്‍ പഠനം നടത്തിയ മുംബൈ ടാറ്റ മെമ്മോറിയല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ പറയുന്നു.

ആകെ ജനസംഖ്യയില്‍ 10 ലക്ഷം പേരില്‍ 25 ആണ്‌ നിലവില്‍ ഇന്ത്യയിലെ മരണനിരക്ക്. ഇതുവരെ 34,968 പേരാണ് കോവിഡ് കാരണം ഇന്ത്യയില്‍ മരിച്ചത്. രോഗികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകത്തില്‍ കോവിഡ് അതിഗുരുതരമായി ബാധിക്കപ്പെട്ട രാജ്യങ്ങളിലെ മരണനിരക്കിനേക്കാള്‍ വളരെ കുറവാണ് ഇന്ത്യയിലേത്-2.2 ശതമാനം മാത്രം.

ഇന്ത്യയുടെ നാലിലൊന്ന് മാത്രം ജനസംഖ്യയുള്ള അമേരിക്കയുടെ കോവിഡ് മരണനിരക്ക് ഇന്ത്യയെക്കാള്‍ അഞ്ച് മടങ്ങോളം കൂടുതലാണ്.

ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്ന ത്രോംബോഎംബോളിസം എന്ന അവസ്ഥ മരണത്തിലേക്ക് നയിക്കുന്നതായി വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌.

ത്രോബോഎംബോളിസം കോശങ്ങളിലെ വാതകവിനിമയം കുറയാനിടയാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഭൂമധ്യരേഖയോടടുത്ത മേഖലയായതിനാല്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്ന കൂടിയ അന്തരീക്ഷ ഊഷ്മാവ് ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്നത് തടയുമെന്നും മരണനിരക്ക് കുറയ്ക്കുമെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.

യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യാക്കാരില്‍ കോവിഡ് മരണനിരക്ക് കൂടുതലായി കാണുന്നതിന് കാരണം പ്രധാനമായും കാലാവസ്ഥാ വ്യതിയാനമാണെന്നും ജനിതകപ്രത്യേകതകള്‍ക്ക് മരണനിരക്കുമായി ബന്ധമില്ലെന്ന് പഠനം തെളിയിക്കുന്നതായും ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. രാജേന്ദ്ര എ ബദ്‌വ പറഞ്ഞു. ഒരേ തരത്തിലെ വൈറസ് തന്നെയാണ് ലോകത്തെല്ലായിടത്തും കാണപ്പെടുന്നതിനാല്‍ കാലാവസ്ഥാ സവിശേഷതകള്‍ക്ക് വ്യക്തമായ സ്വാധീനമുണ്ടെന്ന് പഠനം കണ്ടെത്തിയതായി ഡോക്ടര്‍മാരുടെ സംഘം അഭിപ്രായപ്പെടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular