ചൈനയും യൂറോപ്പും കൊറോണയ്ക്കെതിരെ കൈക്കൊണ്ട നടപടികൾ അന്ധമായി അനുകരിക്കുകയാണ് മോദി ഭരണകൂടം:.മോദിയുടെ ഇന്ത്യയിൽ സാധാരണക്കാരുടെ ജീവന് വില കുറവാണെന്ന്

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ സാധാരണക്കാരുടെ ജീവന് വില കുറവാണെന്ന് കോവിഡ് 19 മഹാമാരി തെളിയിച്ചിരിക്കുകയാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ സാമ്പത്തിക വിഭാഗം പ്രൊഫസറുമായ ജയതി ഘോഷ് കുറ്റപ്പെടുത്തി. ലണ്ടനിൽ നിന്നിറങ്ങുന്ന ദ ഗാർഡിയൻ ദിനപത്രത്തിൽ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിലാണ് ജയതി കോവിഡ് 19 കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ വരുത്തിയ വീഴ്ചകൾക്കെതിരെ നിശിത വിമർശമുയർത്തിയത്.

ഛത്തിസ്ഗഢിൽ നിന്നും തെലങ്കാനയിലെ മുളക് പാടങ്ങളിൽ പണിയെടുക്കാനെത്തിയ ജംലൊ മക്കാഡം എന്ന 12 കാരി പെൺകുട്ടിയുടെ ദുരന്ത ജീവിതം ഉദാഹരിച്ചാണ് ജയതിഘോഷ് മോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. നാല് മണിക്കൂർ മാത്രം മുൻകൂർ നോട്ടിസ് നൽകി മോദി സർക്കാർ നടപ്പാക്കിയ ലോക്ക്ഡൗണിന്റെ രക്തസാക്ഷിയാണ് മക്കാഡം എന്ന് ജയതി പറയുന്നു.

മാർച്ച് 24ന് രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രി മോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ പണിയും കൂലിയും ഭക്ഷണവുമില്ലാതെ അവരുടെ പണിയിടങ്ങളിൽ പെട്ടുപോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും മറ്റു വഴിയൊന്നുമില്ലാതെ മക്കാഡവും കൂടെയുള്ളവരും ജന്മനാട്ടിലേക്ക് കാൽനടയായി തിരിച്ചുപോകാൻ ശ്രമിച്ചു. എന്നാൽ ഏപ്രിൽ 18ന് തന്റെ നാട്ടിലെത്താൻ മണിക്കൂറുകളുടെ യാത്ര മാത്രം അവശേഷിക്കെ ആ പന്ത്രണ്ടുകാരി റോഡരികിൽ കുഴഞ്ഞുവീണു മരിച്ചു.

സർക്കാരിന്റെ കണ്ണിൽ മക്കാഡം വെറുമൊരു സ്ഥിതിവിവര കണക്ക് മാത്രമാണെന്നും ലോക്ക്ഡൗണിനെത്തുടർന്ന് മരിച്ചുവീണ സാധാരണ മനുഷ്യരോട് ഒരു തരത്തിലുള്ള അനുകമ്പയും ഭരണകൂടത്തിനുണ്ടായില്ലെന്നും ജയതി ചൂണ്ടിക്കാട്ടുന്നു. മനുഷ്യർക്കിടയിലുള്ള അസമത്വങ്ങളുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് തന്നെ മുൻനിരയിലാണെന്നും ഈ യാഥാർത്ഥ്യം തുറന്നുകാട്ടുകയാണ് കോവിഡ് 19 ചെയ്തിരിക്കുന്നതെന്നും ജയതി പറയുന്നു.

വിദേശത്തേക്ക് സഞ്ചരിച്ചവരിൽ നിന്നാണ് മഹാമാരി ഇന്ത്യയിലേക്കെത്തിയത്. ഇന്ത്യൻ ജനതയുടെ മേൽതട്ടിലുള്ള രണ്ട് ശതമാനത്തിൽ പെട്ടവരാണിവർ. എന്നാൽ മഹാമാരി ദുരിതത്തിലാഴ്ത്തിയത് ഇന്ത്യയിലെ സാധാരണക്കാരെയാണ്. ഉന്നത മദ്ധ്യവർഗ്ഗങ്ങളിൽ പെട്ടവർ പ്ലേറ്റുകൾ കൊട്ടി ആരോഗ്യപ്രവർത്തകരെ ആദരിക്കുകയും എന്നാൽ ആരോഗ്യ പരിപാലന മേഖലയുടെ മുൻനിരയിൽ നിൽക്കുന്ന സാധാരണ തൊഴിലാളികൾക്ക് തുച്ഛമായ വേതനം മാത്രം നൽകുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇന്ത്യയിലുള്ളതെന്ന് ജയതി പരിഹസിക്കുന്നു.

ചൈനയും യൂറോപ്പും കൊറോണയ്ക്കെതിരെ കൈക്കൊണ്ട നടപടികൾ അന്ധമായി അനുകരിക്കുകയാണ് മോദി ഭരണകൂടം ചെയ്തത്. കുടിവെള്ളത്തിനായി മൈലുകൾ താണ്ടേണ്ടിവരുന്ന , ചെറിയ ഇടങ്ങളിൽ തിങ്ങിപ്പാർക്കുന്ന സാധാരണ മനുഷ്യരെ ഈ ലോക്ക്ഡൗണുകൾ എങ്ങിനെ ബാധിക്കുമെന്ന് സർക്കാർ ചിന്തിച്ചതേയില്ല. കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ മാത്രമാണ് ഇതിനപവാദമെന്നും ജയതി ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യത്തോടുള്ള മോദി സർക്കാരിന്റെ സമീപനം തീർത്തും നിരുത്തരവാദപരമായിരുന്നു.

കുടിയേറ്റ തൊഴിലാളികളോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് അങ്ങേയറ്റം മനുഷ്യത്വരഹിതവും നിർദ്ദയവുമായിരുന്നെന്ന് ജയതി പറയുന്നു. പത്ത് കോടി ടൺ ഭക്ഷ്യ ധാന്യങ്ങൾ കളപ്പുരകളിൽ കെട്ടിക്കിടന്നിട്ടും വളരെക്കുറച്ച് ഭക്ഷ്യധാന്യം മാത്രമാണ് സൗജന്യമായി സർക്കാർ വിതരണം ചെയ്തത്. അന്യ ദേശങ്ങളിൽ റേഷൻകാർഡില്ലാതെ ജിവിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഈ സൗജന്യം പോലും കിട്ടിയില്ല.

ഇത്രയും മോശമായി കോവിഡ് 19 കൈകാര്യം ചെയ്തിട്ടും മോദിയുടെ ജനപിന്തുണയിൽ കാര്യമായി ഇടിവൊന്നുമുണ്ടായിട്ടില്ലെന്നും പ്രതിപക്ഷത്തിന് വലിയ മുന്നേറ്റം നടത്താനായിട്ടില്ലെന്നും ജയതി ചൂണ്ടിക്കാട്ടുന്നു. അടിച്ചമർത്തപ്പെടുന്ന കോടിക്കണക്കിന് ജനങ്ങൾ ഇതു തങ്ങളുടെ വിധിയാണെന്ന് സ്വയം സാമശ്വസിക്കുന്നതിനാണോ അതോ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയ്ക്കാണോ ഇന്ത്യ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്ന ചോദ്യത്തോടെയാണ് ജയതി ലേഖനം അവസാനിപ്പിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular