രാജ്യത്തെ കൊവിഡ് രോഗികള്‍ 15 ലക്ഷം കടന്നു

ഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ പതിനഞ്ച് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായിരിക്കുകയാണ്. കര്‍ണാടകയില്‍ കൊവിഡ് മരണങ്ങള്‍ രണ്ടായിരം കടന്നു. പശ്ചിമ ബംഗാളില്‍ അടുത്ത മാസം രണ്ട്, ഒന്‍പത് തീയതികളില്‍ പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. ബക്രീദ്, രക്ഷാബന്ധന്‍ ഉത്സവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 6,972 പോസിറ്റീവ് കേസുകളുണ്ട്. 88 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 2,27,688ഉം മരണം 3,659ഉം ആയി.
ചെന്നൈയില്‍ 24 മണിക്കൂറിനിടെ 1,107 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മരണവുമുണ്ടായി. ആകെ 96,438 കൊവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ആന്ധ്രയില്‍ 7,948 പുതിയ കേസുകളും 58 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 1,10,297 ആയി. മരണം 1,148ഉം ആയിരിക്കുന്നു. കര്‍ണാടകയില്‍ ആകെ മരണം 2,055 ആയി. 24 മണിക്കൂറിനിടെ 102 പേര്‍ മരിച്ചു. ബംഗളൂരുവില്‍ മാത്രം 40 മരണം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ ആകെ പോസിറ്റീവ് കേസുകള്‍ 73,951 ആയി. 24 മണിക്കൂറിനിടെ 3,458 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ മരണം 1,497 ആയി. പശ്ചിമ ബംഗാളില്‍ ആകെ പോസിറ്റീവ് കേസുകള്‍ 62,964 ആയി. ഗുജറാത്തില്‍ 1,108ഉം, രാജസ്ഥാനില്‍ 1072ഉം, ഡല്‍ഹിയില്‍ 1,056ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

Similar Articles

Comments

Advertismentspot_img

Most Popular