കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ തട്ടിക്കൊണ്ടുപോകല്‍ നാടകം; സ്വന്തം വീട്ടുകാരോട് ആവശ്യപ്പെട്ടത് ഒരു കോടി; ഒടുവില്‍ കള്ളക്കളി പൊളിഞ്ഞത്…

തട്ടിക്കൊണ്ടുപോയ മകളെ വിട്ടുകിട്ടണമെങ്കിൽ മാതാപിതാക്കളോട് ആവശ്യപ്പെട്ടത് ഒരു കോടി രൂപ. ഒടുവിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത് വീടിന് ഇരുന്നൂറ് മീറ്റർ അപ്പുറത്തുനിന്ന്. പിടിയിലായതോടെ പൊളിഞ്ഞത് ഒരുകോടി രൂപയുമായി കാമുകനൊപ്പം നാടുവിടാനുള്ള ശ്രമവും. ഉത്തർപ്രദേശിലെ ഏട്ടാ ജില്ലയിലെ നാഗ്ലഭാജ്ന ഗ്രാമത്തിലാണ് കഴിഞ്ഞദിവസം നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഗ്രാമത്തിലെ 19 വയസ്സുകാരിയെ വീട്ടിൽനിന്ന് കാണാതായത്. പിന്നാലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യം നൽകിയാൽ വിട്ടുനൽകാമെന്നുമുള്ള ഫോൺ സന്ദേശം ലഭിച്ചു. പെൺകുട്ടി തന്നെയാണ് ശബ്ദം മാറ്റി മാതാപിതാക്കളോട് ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. എന്നാൽ കുടുംബം പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് കണ്ടെത്തുകയും ചെയ്തു. പോലീസിനെ കണ്ട് കാമുകൻ ഓടിരക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ചോദ്യംചെയ്തതോടെയാണ് സ്വയം ആസൂത്രണം ചെയ്ത തട്ടിക്കൊണ്ടുപോകൽ നാടകമായിരുന്നുവെന്ന് തെളിഞ്ഞത്.

അയൽക്കാരനായ യുവാവുമായി പെൺകുട്ടി രണ്ടുവർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തെ എതിർത്തു. ഇതോടെയാണ് കാമുകനൊപ്പം നാടുവിടാൻ ആലോചിച്ചത്. അടുത്തിടെ കുടുംബം ഒരു സ്കൂൾ തുറക്കാൻ പോകുന്നതും ഇതിനായി ഒരു കോടി രൂപ സ്വരൂപിച്ചതും പെൺകുട്ടി അറിഞ്ഞിരുന്നു. നാടുവിടുന്നതിനുള്ള പണം തട്ടിയെടുക്കാന്‍ പറ്റിയ സമയം ഇതാണെന്ന് പെൺകുട്ടി തീരുമാനിച്ചു. കാമുകനോടൊപ്പം ചേർന്ന് പദ്ധതി ആസൂത്രണം ചെയ്തു.

വ്യാഴാഴ്ച രാത്രി വീടുവിട്ടിറങ്ങി. തുടർന്ന് കാമുകനോടൊപ്പം സമീപത്തെ ഒരു ഫാംഹൗസിൽ തങ്ങി. ഇവിടെനിന്നാണ് തന്നെ തട്ടിക്കൊണ്ടുപോയെന്നും ഒരു കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടത്. പദ്ധതി ഗംഭീരമായിരുന്നെങ്കിലും പോലീസിന്റെ അത്യാധുനിക അന്വേഷണരീതികളെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നില്ല. പെൺകുട്ടിയുടെ മൊബൈലിൽനിന്നുതന്നെയാണ് തുടർച്ചയായി പണം ആവശ്യപ്പെട്ട് വിളിച്ചത്. മാത്രമല്ല, പണത്തിനായി നിരന്തരം വിളിച്ചതും പോലീസിന് സംശയം ജനിപ്പിച്ചു.

ഏതെങ്കിലും ഗുണ്ടാസംഘങ്ങളാകും സംഭവത്തിന് പിന്നിലെന്നാണ് പോലീസ് ആദ്യംകരുതിയത്. എന്നാൽ പണം ആവശ്യപ്പെട്ട് തുടരെ തുടരെ വിളിച്ചതും ധൃതി കാണിച്ചതും സംശയം വർധിപ്പിച്ചു. തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തു. വീട്ടിൽനിന്നും 200 മീറ്റർ മാറിയുള്ള ഒരു ഫാംഹൗസിലായിരുന്നു പെൺകുട്ടി. പോലീസ് സ്ഥലത്തെത്തി കെട്ടിടം വളഞ്ഞു. ഇതുകണ്ടതോടെ കാമുകൻ ഓടിരക്ഷപ്പെട്ടു. പിന്നീട് പെൺകുട്ടിയെ പോലീസ് ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ രഹസ്യം ചുരുളഴിഞ്ഞത്. സംഭവത്തിൽ രണ്ടുപേർക്കെതിരേയും കേസെടുത്തതായും ഒളിവിൽ പോയ കാമുകന് വേണ്ടി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7