എൻഐഎയ്ക്ക് എവിടെ വേണമെങ്കിലും എത്താം; വേവലാതിപ്പെടുന്നത് എന്തിനാണ്..? അവര്‍ അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎയ്ക്ക് എവിടെ വേണമെങ്കിലും എത്താമെന്നും അവർ എത്തട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻഐഎ ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിലെത്തിയ വാർത്തകളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എൻഐഎ എത്തുന്നതിൽ വേവലാതിപ്പെടുന്നത് എന്തിനാണെന്നും അവർ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ പൊതുഭരണവകുപ്പിനു കത്തു നൽകി. വിവിധ സിസിടിവികളിലെ മേയ്, ജൂൺ, ജൂലൈ മാസത്തെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്.

സെക്രട്ടേറിയറ്റിലെത്തിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എൻഐഎ സംഘം ഹൗസ് കീപ്പിങ് വിഭാഗത്തിലെ അഡി.സെക്രട്ടറിയോട് വിവരങ്ങൾ ആരാഞ്ഞു. സിസിടിവി ക്യാമറകളുടെ പ്രവർത്തനവും സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളുമെല്ലാം സംഘം ചോദിച്ചറിഞ്ഞു. സെക്രട്ടേറിയറ്റിലെ സിസിടിവികളുടെ പരിപാലന ചുമതല ഹൗസ് കീപ്പിങ് വിഭാഗത്തിനാണ്.

സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്കായി നൽകാമെന്ന നിലപാടിലാണു സർക്കാർ. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവർ നിരവധി തവണ സെക്രട്ടേറിയറ്റിലെത്തിയതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായിരുന്നു. സ്വപ്ന ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്നതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കാണ് സന്ദർശനമെന്ന് പറയാം.

എന്നാൽ മറ്റുള്ള പ്രതികൾ എത്തിയോ എന്നറിയുകയാണു പരിശോധനയുടെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലാണു മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്റെയും ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഈ സ്ഥലത്തെ സിസിടിവികളുടെ ദൃശ്യങ്ങളും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നിയമസഭാ സമ്മേളനം ഉപേക്ഷിക്കാൻ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഘടകമായില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അവിശ്വാസം നേരിടുന്നതിനു സർക്കാരിനു പ്രയാസമില്ല. പ്രതിപക്ഷ നേതാവുമായി സഭാസമ്മേളന കാര്യം ചർച്ച ചെയ്തിരുന്നു. അവിശ്വാസപ്രമേയം കാരണമാണ് സമ്മേളനം ഉപേക്ഷിച്ചതെന്ന് അദ്ദേഹം പറയുമെന്നു പ്രതീക്ഷിച്ചില്ല. സഭാസമ്മേളനം തീരുമാനിച്ച സമയത്ത് രോഗവ്യാപനം ഇത്രയും കൂടുമെന്നു കരുതിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തു രോഗികൾ കൂടുതലാണ്. സഭാസമ്മേളനം നടന്നാൽ ജനപ്രതിനിധികൾ രോഗവ്യാപനമുള്ള സ്ഥലങ്ങളിൽനിന്ന് തിരുവനന്തപുരത്തേക്കു വരണം. 60 വയസ്സ് കഴിഞ്ഞവരാണു സാമാജികരിൽ അധികവും. അടച്ചിട്ട മുറിയിൽ എസിയിൽ കുറെനേരം ഇരുന്നാൽ രോഗവ്യാപനം കൂടും. കോവിഡ് പ്രോട്ടോകോളിനു പ്രാധാന്യം കൊടുക്കുന്ന സർക്കാർ ഈ സമ്മേളനം നടത്തേണ്ടതുണ്ടോ എന്ന ചോദ്യം പിന്നീട് ഉയർന്നേക്കാം. അതിനാലാണ് ആരോഗ്യപ്രശ്നത്തെ മുൻനിർത്തി സമ്മേളനം മാറ്റാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular