30 സെക്കന്‍ഡിനുള്ളില്‍ പരിശോധനാ ഫലം; റാപ്പിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിക്കാന്‍ ഇന്ത്യയും ഇസ്രയേലും

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ രംഗത്ത് കൈകോര്‍ത്ത് ഇന്ത്യയും ഇസ്രയേലും. 30 സെക്കന്റിനുള്ളില്‍ പരിശോധനാഫലം ഫലം നല്‍കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിക്കാനുള്ള സംയുക്ത നീക്കത്തിലാണ് ഇരുരാജ്യങ്ങളുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ എംബസി വെളിപ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ സംഘവും ആര്‍ ആന്‍ഡ് ഡി വിഭാഗവും പ്രത്യേക വിമാനത്തില്‍ ടെല്‍ അവീവില്‍നിന്ന് ന്യൂഡല്‍ഹിയില്‍ എത്തുമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയാണ് കോവിഡ് പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരിക്കുന്നത്. ഇസ്രയേലില്‍ കോവിഡ് വ്യാപനമുണ്ടായ ഘട്ടത്തില്‍ ഇന്ത്യ മരുന്നുകളും മാസ്‌കുകളും സുരക്ഷാ ഉപകരണങ്ങളും എത്തിച്ചിരുന്നു. അതിനുള്ള പ്രത്യുപകാരമായാണ് അടുത്ത സുഹൃത്തായ ഇന്ത്യയുമായി സഹകരിക്കുന്നതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

ഇന്ത്യയിലേക്കുള്ള സംഘത്തെ നയിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് രാജ്യത്തെ ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്ക പറഞ്ഞു. സൗഹൃദത്തിന്റെ ആഴം അളക്കുന്നതിനുള്ള സമയമാണിത്. ദുരിതപൂര്‍ണവും സങ്കീര്‍ണവുമായ ഈ ഘട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ജൂണില്‍ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. രോഗവ്യാപനം തടയല്‍, പരിശോധന, വാക്‌സിന്‍ വികസിപ്പിക്കള്‍ എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നതിനെപ്പറ്റി നേതാക്കള്‍ ചര്‍ച്ചചെയ്തിരുന്നു.

ഇസ്രയേലില്‍ 56,000ത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 23,000ത്തിലധികം പേര്‍ രോഗമുക്തരായി. 433 പേര്‍ മരിച്ചു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular