കൈവിട്ടു പോകുന്ന കോവിഡ്..!!! സമ്പര്‍ക്ക രോഗവ്യാപനത്തില്‍ കേരളം മുന്നില്‍; ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ക്വാറന്റീനില്‍; ചികിത്സാ സൗകര്യങ്ങള്‍ കുറയുന്നു; നാട്ടിലേക്ക് വരാന്‍ മടിച്ച് പ്രവാസികള്‍

സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാത്തതുമായ കോവിഡ് വ്യാപനം പിടിവിട്ട് കുതിക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ച് ആരോഗ്യവകുപ്പ്. ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ചികിത്സയിലും ക്വാറെന്റെനിലുമായതോടെ സംസ്ഥാനത്തു ചികിത്സാസൗകര്യങ്ങളും കുറയുന്നു. കോവിഡ് പ്രതിരോധത്തിന്റെ തുടക്കത്തില്‍ പേരെടുത്ത കേരളമാതൃക നിര്‍ണായകഘട്ടത്തില്‍ പതറുന്നു.

കോവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയേയും തമിഴ്‌നാടിനെയും ഡല്‍ഹിയേയും മറികടന്ന് കേരളം സമ്പര്‍ക്കവ്യാപനത്തോതില്‍ ഒന്നാമതെത്തി. കഴിഞ്ഞ 10 ദിവസത്തിനിടെയാണ് ഈ കുതിപ്പ്. (കേരളം-41.11%, മഹാരാഷ്ട്ര-23.09%, തമിഴ്‌നാട്-24.26%, ഡല്‍ഹി-15.02%). വ്യോമമാര്‍ഗവും റോഡ് മാര്‍ഗവുമുള്ള രോഗവ്യാപനം ചെറുക്കാന്‍ കഴിഞ്ഞെങ്കിലും ഓര്‍ക്കാപ്പുറത്ത്, തീരമേഖലയില്‍ ജലമാര്‍ഗമുണ്ടായ വ്യാപനം കേരളത്തെ വെട്ടിലാക്കി.

ജൂലൈ 18 വരെയുള്ള കണക്കനുസരിച്ച് പ്രവാസികളില്‍ 1.6 ശതമാനമാണു രോഗബാധ. എന്നാല്‍, ഇതുവരെ ആകെ രോഗബാധയില്‍ 36.7% സമ്പര്‍ക്കത്തിലൂടെയാണ്. (കഴിഞ്ഞ ഞായറാഴ്ച 65%). കഴിഞ്ഞ മേയ് മൂന്നുവരെ നോര്‍ക്ക റൂട്‌സ് മുഖേന 4.13 ലക്ഷം പ്രവാസികളും ഇതരസംസ്ഥാനങ്ങളില്‍നിന്ന് 1,50,054 പേരുമാണു കേരളത്തിലേക്കു വരാന്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേരളത്തില്‍ കോവിഡ് വ്യാപനത്തോത് ഉയര്‍ന്നതോടെ ഇവരില്‍ ഭൂരിഭാഗവും യാത്ര ഒഴിവാക്കി. വന്ദേഭാരത്, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഒന്നരലക്ഷത്തില്‍ താഴെ പ്രവാസികള്‍ മാത്രമാണെത്തിയത്. യു.എ.ഇ. അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞതും പ്രവാസികളുടെ വരവ് കുറച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ച 794 പേരില്‍ 519 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച ഞായാറാഴ്ചയാകട്ടെ 821 പേരില്‍ 629 പേരും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. സമ്പര്‍ക്കരോഗവ്യാപനം രൂക്ഷമായിട്ടും പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. ആരില്‍നിന്നും എവിടെയും രോഗം പകരാമെന്ന മുന്‍കൂര്‍ജാമ്യത്തിലാണു മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. െശെലജയും. അനവസരത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതോടെ രോഗലക്ഷണങ്ങളുള്ളവര്‍പോലും പുറത്തിറങ്ങി നടക്കുന്ന അവസ്ഥയായി. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരും രോഗവാഹകരാകുന്നതു കടുത്തവെല്ലുവിളി ഉയര്‍ത്തുന്നു.

രോഗികളുടെ പ്രതിദിന എണ്ണം എണ്ണൂറിനോട് അടുക്കുമ്പോഴും 24 മണിക്കൂറിനിടെ പരിശോധിക്കാനായത് 14,640 സാമ്പിളുകള്‍ മാത്രം. ഇതില്‍ 5969 സാമ്പിളുകളുടെ ഫലം വരാനുണ്ട്. പരിശോധനാകേന്ദ്രങ്ങളുടെ കുറവും കാലതാമസവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സംസ്ഥാനത്തു ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 337 ആയി ഉയര്‍ന്നു. പ്രതിദിനം ക്ലസ്റ്ററുകളുടെ എണ്ണത്തിലും വന്‍വര്‍ധന. തീരദേശങ്ങളിലും ചന്തകളിലും മാളുകളിലുമൊക്കെ നിയന്ത്രണങ്ങള്‍ ഇല്ലാതായതും സമ്പര്‍ക്കരോഗബാധ വര്‍ധിക്കാനിടയാക്കി. ഇതോടെ സ്ഥാപന ക്വാറെന്റെന്‍ സൗകര്യമൊരുക്കുന്നതിലും സംസ്ഥാനം പിന്നാക്കമായി.

മിക്ക മെഡിക്കല്‍ കോളജ് ആശുപത്രികളുടെയും പ്രവര്‍ത്തനം സ്തംഭനത്തിലേക്കു നീങ്ങുകയാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രോഗബാധിതരായതോടെ വിവിധ ചികിത്സാവിഭാഗങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. ഈ സാഹചര്യത്തില്‍, നാളെ ആരോഗ്യവകുപ്പിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ജീവനക്കാരുടെ വീഡിയോ കോണ്‍ഫറന്‍സ് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. വിരമിച്ച ഡോക്ടര്‍മാരുടെ സേവനവും ആരോഗ്യവകുപ്പ് തേടിയേക്കും.

എന്നാല്‍, 65-നുമേല്‍ പ്രായമുള്ള ഡോക്ടര്‍മാരെ ആശ്രയിക്കുന്നതു കോവിഡ് മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാകും. സംസ്ഥാനത്തു കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഡോക്ടര്‍മാരടക്കം 123 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. കോവിഡ് ഭീതിമൂലം സ്വകാര്യാശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അവധിയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലുദിവസത്തിനുള്ളില്‍ 10 ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഉള്‍പ്പെടെ കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിസന്ധി രൂക്ഷം. 150-ലേറെ ജീവനക്കാര്‍ നിരീക്ഷണത്തില്‍. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും കൂട്ടിരിപ്പുകാരുമടക്കം മുപ്പതിലേറെപ്പേര്‍ കോവിഡ് ബാധിതരായെന്നാണു സൂചന.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular