സ്വപ്‌നാ സുരേഷിന്റെ നിയമനത്തിന് പിന്നില്‍ ശിവശങ്കറെന്ന് അന്വേഷണ റിപ്പോർട്ട്

സ്വപ്‌നാ സുരേഷിന്റെ നിയമനത്തിന് പിന്നില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെന്ന് കണ്ടെത്തല്‍. ശിവശങ്കറിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ച ചീഫ് സെക്രട്ടറിതല അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നു.

മൂന്ന് പ്രധാന കാരണങ്ങളാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. സ്‌പെയിസ് പാര്‍ക്കിലെ സ്വപ്‌നാ സുരേഷിന്റെ നിയമനത്തിന് പിന്നില്‍ ശിവശങ്കറാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ശിവശങ്കറിനെതിരെ എന്‍ഐഎയും കസ്റ്റംസും കേസ് എടുക്കാന്‍ സാധ്യതയുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരുമായി പാലിക്കേണ്ട പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും സിവില്‍ സര്‍വീസ് ചട്ടലംഘനം നടന്നിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതിയെ ആണ് ചുമതലപ്പെടുത്തിയിരുന്നത്.

റിപ്പോര്‍ട്ടിലെ മറ്റു വിവരങ്ങള്‍ പരിശോധിച്ചശേഷം അടുത്ത നടപടികളിലേക്ക് കടക്കും. ഓള്‍ ഇന്ത്യാ സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതേ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ഉണ്ടായതെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular