എറണാകുളത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ആശങ്കയില്‍ ജില്ല

എറണാകുളം: ജില്ലയില്‍ സമ്പര്‍ക്കബാധയിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 50 പേരില്‍ 41 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് പ്രാദേശിക സമ്പര്‍ക്കം മൂലമാണ്. ജില്ലയിലെ സമ്പര്‍ക്ക ബാധിത പ്രദേശങ്ങളായ ചെല്ലാനം, ആലുവ, കീഴ്മാട് എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നടപടികള്‍ ഏര്‍പ്പെടുത്തി.

സമ്പര്‍ക്ക ബാധിതരായ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ആശങ്കയിലാണ് എറണാകുളം ജില്ല. നിലവില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ജില്ലയില്‍ 500 കടന്നപ്പോള്‍ 171 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഇന്നലെ രോഗം പിടിപെട്ട 50 പേരില്‍ 41 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ചെല്ലാനം പ്രദേശം മാത്രം കേന്ദ്രീകരിച്ച് 18 സമ്പര്‍ക്ക കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. അതിതീവ്ര വ്യാപന മേഖലയില്‍ ഉള്‍പ്പെടുത്തി ചെല്ലാനത്ത് ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരും. ചെല്ലാനത്ത് 33 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്.

ആലുവ, കീഴ്മാട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും അതി ജാഗ്രതാ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. കമാന്‍ഡോകളെ അടക്കം വിന്യസിച്ചാണ് രോഗബാധ മേഖലകളിലെ നിയന്ത്രണം. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ജില്ലയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും ജാഗ്രത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.

FOLLOW US: PATHRAM ONLINE

pathram:
Related Post
Leave a Comment