കാസര്‍ഗോഡ് വീണ്ടും ആശങ്ക; സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ കൂടുന്നു

കാസര്‍ഗോഡ് വീണ്ടും ആശങ്കയുയര്‍ത്തി സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍.
ഏഴു പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലയില്‍ ജനപ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചു.

മഞ്ചേശ്വരം, പൈവളിഗെ, വോര്‍ക്കാടി സ്വദേശികളായ സ്ത്രീകളാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍. മൂന്നു പേരും മഞ്ചേശ്വരം ഹൊസ്സങ്കടിയിലെ സ്വകാര്യ ലാബിലെ വനിതാ ടെക്‌നീഷ്യന്‍മാരാണ്.

സമൂഹ അടുക്കളയില്‍ ജോലി ചെയ്തിരുന്ന മഞ്ചേശ്വരം, മീഞ്ച സ്വദേശികള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഇവരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. മറ്റു രണ്ടുപേരില്‍ 24 കാരനായ കുമ്പള സ്വദേശി ജൂലൈ 2 ന് എറണാകുളത്തു നിന്നും ടാക്‌സി കാറില്‍ നാട്ടിലെത്തി, 13 കാരനായ വൊര്‍ക്കാടി സ്വദേശി പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്.

ദീര്‍ഘ നാളുകള്‍ക്ക് ശേഷം സമ്പര്‍ക്കത്തിലൂടെയുള്ള കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ജനപ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഞ്ചേശ്വരം ബ്ലോക്കിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാര്‍ക്കും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംപിയും എംഎല്‍എമാരുമടക്കമുള്ള ജനപ്രതിനിധികള്‍ കളക്ട്രേറ്റിലെ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതില്‍ മൂളിയാര്‍ സ്വദേശികളായ സഹോദരങ്ങളുള്‍പ്പെടെ നാല് പേര്‍ ദൈനംദിന ആവശ്യായാര്‍ത്ഥം മംഗളുരുവില്‍ പോയി വരുന്നവരാണെന്നതും സാഹചര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

Follow us on Pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7