എച്ച് 1 ബി, എച്ച് 2 ബി വീസകള്‍ നിര്‍ത്തി അമേരിക്ക; തീരുമാനം ഇന്ത്യക്കാരെ ബാധിക്കും

വാഷിങ്ടന്‍ : മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ വിവിധ ഉദ്യോഗങ്ങളില്‍ നിയമിക്കുന്നതിന് കടുത്ത നിയന്ത്രണവുമായി അമേരിക്ക. എച്ച് 1 ബി, എച്ച് 2 ബി, എല്‍ വീസകള്‍ ഒരു വര്‍ഷത്തേക്കു നല്‍കില്ല. വിദഗ്ധ തൊഴിലാളികളുടെയും ലാന്‍ഡ്‌സ്‌കേപിങ് പോലെ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലേക്കുള്ള ഇടക്കാല തൊഴിലാളികളുടെയും നിയമനങ്ങളും ഇതോടെ നടക്കില്ല. ഒരു കമ്പനിയില്‍നിന്നും മാനേജര്‍മാരെ ഉള്‍പ്പെടെ അമേരിക്കയിലേക്ക് സ്ഥലം മാറ്റാനുമാവില്ല.

ഐടി മേഖലയില്‍ അടക്കം ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ തീരുമാനം ദോഷകരമായി ബാധിക്കും. അഞ്ചേകാല്‍ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഇതോടെ അമേരിക്കന്‍ പൗരന്മാര്‍ക്കു ലഭിക്കും. കോവിഡ് വ്യാപനം മൂലം തിരിച്ചടി നേരിട്ട സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വീസ നിയന്ത്രണമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് വീസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി പ്രസിഡന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. നീക്കത്തിനെതിരെ വ്യാപാര, വ്യവസായ വൃത്തങ്ങളില്‍നിന്ന് എതിര്‍പ്പുയരുന്നുണ്ട്.

കോവിഡ് ബാധ മൂലം തകര്‍ച്ചയുടെ വക്കിലെത്തിയ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് നടപടിയെന്നാണ് പ്രമുഖ ടെക് കമ്പനികളും യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സും അടക്കം പ്രതികരിച്ചത്. വിദഗ്ധ തൊഴിലാളികള്‍ക്കാണ് എച്ച് 1ബി വീസകള്‍ അനുവദിക്കുക. മാനേജര്‍മാരെയടക്കം അമേരിക്കയിലേക്കു സ്ഥലം മാറ്റാനാണ് എല്‍ വീസ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍നിന്ന് ധാരാളം പേര്‍ ഈ വീസയില്‍ ജോലി ചെയ്യുന്നുണ്ട്. ഇന്‍ഫോസിസും ടിസിഎസും പോലെ അമേരിക്കയില്‍ സാന്നിധ്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ ഇതോടെ അവിടെ ഇപ്പോഴുള്ള ഒഴിവുകളില്‍ തദ്ദേശീയരെ നിയമിക്കേണ്ടിവരും.

follow us pathram online

Similar Articles

Comments

Advertismentspot_img

Most Popular