ആരോഗ്യമന്ത്രിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്ലീംലീഗ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും പിന്‍വലിക്കണോയെന്ന് അദ്ദേഹം തന്നെ തീരുനമാനിക്കട്ടെയെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

മുല്ലപ്പള്ളിയെ കോണ്‍ഗ്രസ് പ്രതിരോധിക്കുമ്പോഴും ലീഗ് അതിനില്ലെന്ന് വ്യക്തമാക്കുകയാണ് കെ.പി.എ.മജീദ് ചെയ്തത്. മുതിര്‍ന്ന നേതാവ് കൂടിയായ മുല്ലപ്പള്ളിയില്‍ നിന്നും ഇത്തരമൊരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇത് ഒഴിവാക്കായാമായിരുന്നു എന്നുതന്നെയാണ് ലീഗ് വ്യക്തമാക്കുന്നത്. ഏതെങ്കിലും ഒരുഘട്ടത്തില്‍ മാപ്പുപറയണമോ എന്ന ചോദ്യത്തിന് അത് അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടത് എന്നും ലീഗ് പറഞ്ഞു.

പ്രവാസി വിഷയത്തിലടക്കം വലിയ രീതിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാവുന്ന വലിയ വിഷയങ്ങള്‍ ഉണ്ടായിട്ടും അതിലേക്ക് കടക്കാതെ ഇത്തരമൊരു പരാമര്‍ശം നടത്തിയതോടുകൂടി ഭരണപക്ഷത്തിന്റെ കൈയില്‍ അടിക്കാനായി ഒരു വടികൊടുന്നതിന് തുല്യമായി ഇതെന്നാണ് ലീഗിന്റെ അഭിപ്രായം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ലീഗ് ഇപ്പോഴില്ലെന്ന് അറിയിച്ചു. ഇതിനെതിരെ പ്രതിപക്ഷത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും ലീഗ് വിമര്‍ശിച്ചു.

‘അങ്ങനെ ഒരു പദപ്രയോഗം ഒഴിവാക്കാമെന്നായിരുന്നു ഞങ്ങളുടെ നിലപാട്. ഇതിന്റെ പേരില്‍ പ്രതിപക്ഷത്തെ ഒന്നിച്ച് വിമര്‍ശിക്കുകയും അവരെ കരുണയില്ലാത്തവരെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിപ്പില്ല.’ മജീദ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular