സുശാന്തിന് നല്‍കിയ വാക്കു പാലിക്കാനാകാതെ പോയതില്‍ വേദന പങ്കുവച്ച് ബോളിവുഡില്‍നിന്ന് ക്രിക്കറ്റ് കളത്തിലേക്കെത്തിയ ദിഗ്വിജയ് ദേശ്മുഖ്

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന് നല്‍കിയ വാക്കു പാലിക്കാനാകാതെ പോയതില്‍ വേദന പങ്കുവച്ച് ബോളിവുഡില്‍നിന്ന് ക്രിക്കറ്റ് കളത്തിലേക്കെത്തിയ യുവതാരം ദിഗ്വിജയ് ദേശ്മുഖ്. ഏഴു വര്‍ഷം മുന്‍പു ഹിന്ദി സിനിമയില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷമണിഞ്ഞ ദിഗ്വിജയിനെ, ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചിരുന്നു.

വെള്ളിത്തിരയില്‍നിന്ന് ക്രിക്കറ്റ് പിച്ചിലേക്കെത്തിയ ദിഗ്വിജയിന്റെ വിശേഷങ്ങള്‍ ലേലസമയത്ത് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയുമായി. 2013ല്‍ ഇറങ്ങിയ ‘കയ് പോ ചെ’ എന്ന ഹിന്ദി സിനിമയില്‍ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന അലി എന്ന കുട്ടിയുടെ വേഷമാണു ദിഗ്വിജയ് ചെയ്തത്. ഈ സിനിമയില്‍ നായകനായിരുന്നു സുശാന്ത് സിങ് രാജ്പുത്ത്.

‘ക്രിക്കറ്റ് വളരെയധികം ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. അറിയപ്പെടുന്ന ക്രിക്കറ്റ് താരമായശേഷം മാത്രമേ ഇനി ഞാന്‍ താങ്കളെ കാണാന്‍ വരൂ എന്ന് ‘കയ് പോ ചെ’ സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന ദിനം ഞാന്‍ അദ്ദേഹത്തിന് ഉറപ്പു നല്‍കിയിരുന്നു. ഇത്തവണ മുംബൈ ഇന്ത്യന്‍സ് ടീമില്‍ എന്നെയും ഉള്‍പ്പെടുത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകാനിരുന്നതാണ്. അപ്പോഴാണ് ലോക്ഡൗണ്‍ വന്ന് രംഗം മാറിയത്. ഇപ്പോഴാകട്ടെ അദ്ദേഹം ജീവിച്ചിരിപ്പുമില്ല’ ദിഗ്വിജയ് പറഞ്ഞു.

‘ലോക്ഡൗണ്‍ സംഭവിച്ചിരുന്നില്ലെങ്കില്‍ അദ്ദേഹത്തെ നേരിട്ട് കാണാനും സംസാരിക്കാനും ഒരുപക്ഷേ എനിക്ക് കഴിയുമായിരുന്നു. അദ്ദേഹത്തിന് നല്‍കിയ വാക്കു പാലിക്കാനും കഴിഞ്ഞേനെ. പക്ഷേ, എനിക്കതിന് അവസരം ലഭിച്ചില്ല’ ദിഗ്വിജയ് പറഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സുശാന്ത് ഒരിക്കല്‍ ദിഗ്വിജയിന്റെ നാടായ പുണെയില്‍ വന്നിരുന്നു. എന്നാല്‍, അറിയപ്പെടുന്ന താരമായിട്ടു മാത്രമേ അദ്ദേഹത്തെ കാണൂ എന്ന പഴയ വാക്ക് ഓര്‍ത്ത് അന്ന് നേരിട്ടു കാണാന്‍ പോയില്ലെന്ന് ദിഗ്വിജയ് പറഞ്ഞു. ഇപ്പോള്‍ അതേക്കുറിച്ച് ഓര്‍ത്ത് താന്‍ ഖേദിക്കുന്നതായു ദിഗ്വിജയ് വെളിപ്പെടുത്തി.

‘കയ് പോ ചെ’ സിനിമയുടെ ഷൂട്ടിങ് സമയത്തെ വിശേഷങ്ങളും ദിഗ്വിജയ് പങ്കുവച്ചു. ‘ആറു മാസത്തോളം നീണ്ടുനിന്ന ആ സിനിമാ ഷൂട്ടിങ് നടക്കുമ്പോള്‍ എനിക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം. ഓരോ ദിവസവും ഷൂട്ടിങ് കഴിയുമ്പോള്‍ അദ്ദേഹം എന്നെ റൂമിലേക്കു വിളിക്കും. എന്നിട്ട് ക്യാമറാ ആംഗിള്‍സും സീനുകളുമെല്ലാം പഠിപ്പിക്കും. ആ പ്രോജക്ടുമായി വളരെയേറെ ഇഴുകിച്ചേര്‍ന്നിരുന്നു അദ്ദേഹം. വളരെ സൗഹാര്‍ദ്ദപൂര്‍വം പെരുമാറിയിരുന്ന അദ്ദേഹം എപ്പോഴും സന്തോഷവാനുമായിരുന്നു. അന്നേ പ്രഫഷനല്‍ താരമായിരുന്ന എന്നോട് ക്രിക്കറ്റിനേക്കുറിച്ച് ചോദിച്ച് പഠിക്കാന്‍ അദ്ദേഹം കാട്ടിയ ഉത്സാഹവും ശ്രദ്ധേയമായിരുന്നു’ ദിഗ്വിജയ് വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ച താരമാണ് ദിഗ്‌വിജയ് ദേശ്മുഖ്. മഹാരാഷ്ട്രയ്ക്കായി കളിക്കുന്ന ദിഗ്‌വിജയ്, സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് (9 വിക്കറ്റ്) ഐപിഎല്‍ ടീം ഉടമകളുടെ കണ്ണില്‍പ്പെട്ടത്. രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ മഹാരാഷ്ട്രയ്ക്കായി അരങ്ങേറുകയും ചെയ്തു. അരങ്ങേറ്റ മത്സരത്തില്‍ ആറു വിക്കറ്റ് വീഴ്ത്തി ദേശ്മുഖ് കരുത്തുകാട്ടി. ഒന്നാം ഇന്നിങ്‌സില്‍ 9.5 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍, രണ്ടാം ഇന്നിങ്‌സില്‍ 14.3 ഓവറില്‍ 46 റണ്‍സ് വഴങ്ങി നാലു വിക്കറ്റും നേടി.

പക്ഷേ താരം വിസ്മയിപ്പിച്ചത് ബാറ്റുകൊണ്ടാണ്. താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തതിന്റെ പിന്നാലെയാണ് എട്ടാമനായി കളത്തിലിറങ്ങി ദേശ്മുഖ് തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയത്. ജമ്മു കശ്മീരിനെതിരെ മഹാരാഷ്ട്രയ്ക്ക് തോല്‍വി ഒഴിവാക്കാനായില്ലെങ്കിലും 71 പന്തില്‍ തകര്‍ത്തടിച്ച് 83 റണ്‍സെടുത്ത ദേശ്മുഖിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഏഴു ഫോറും അഞ്ചു സിക്‌സും സഹിതമാണ് ദേശ്മുഖ് കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്. ഈ മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ദേശ്മുഖിന്റേതായിരുന്നു.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular