ഫുട്‌ബോള്‍ താരത്തിന്റെ മൃതദേഹത്തിനായി ഭാര്യമാര്‍ തമ്മിലടി : ഒടുവില്‍ രണ്ടാം ഭാര്യ മൃതദേഹം കൊണ്ടുപോയി

അസം : കഴിഞ്ഞ ദിവസം അന്തരിച്ച ഒഡീഷ ഫുട്‌ബോള്‍ താരത്തിന്റെ മൃതദേഹത്തിനായി അവകാശവാദമുന്നയിച്ച് ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം. ഒഎന്‍ജിസിയുടെ മധ്യനിരതാരമായ നരേഷ് ഔലയുടെ (35) മൃതദേഹം വിട്ടുകിട്ടുന്നതിനാണ് ഭാര്യമാര്‍ തമ്മില്‍ പോരടിച്ചത്. ഒഡീഷയ്ക്കായി സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുള്ള നരേഷ് ഔല മരിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് മറ്റൊരു ഭാര്യ കൂടിയുണ്ടെന്ന വിവരം ആദ്യ ഭാര്യ ആരതിയും രണ്ടാം ഭാര്യ ലാല്‍ മുവാന്‍ കുയീയും അറിയുന്നത്. ഒടുവില്‍ രേഖകളില്‍ ഭാര്യയുടെ സ്ഥാനത്ത് ലാല്‍ മുവാന്റെ പേരാണെന്നതിനാല്‍ ഒഎന്‍ജിസി അധികൃതര്‍ മൃതദേഹം അവര്‍ക്ക് വിട്ടുകൊടുത്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഭാര്യ ആരതിക്കും നരേഷിന്റെ കുടുംബാംഗങ്ങള്‍ക്കും സംസ്‌കാരച്ചടങ്ങുകള്‍ വിഡിയോ കോളിലൂടെ കാണാനും അവസരമൊരുക്കി.

2006, 2007, 2008 വര്‍ഷങ്ങളിലാണ് ഒഡീഷയ്ക്കായി നരേഷ് ഔല സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ബൂട്ടുകെട്ടിയത്. ഇടയ്ക്ക് മഹാരാഷ്ട്ര സംസ്ഥാന ടീമിനായും കളിച്ചിരുന്നു. ഐ ലീഗില്‍ ഒഎന്‍ജിസിക്കായും കളിച്ചു. 2009ല്‍ മുതല്‍ ഒഎന്‍ജിസിയില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു നരേഷ്.

അസമിലായിരുന്ന നരേഷ് ഔല, ഒഡീഷയില്‍ താമസിക്കുന്ന തന്റെ കുടുംബാംഗങ്ങളെ മരിക്കുന്നതിന് തലേന്ന് ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ദീര്‍ഘനാളായി നാട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, ഈ സമയത്ത് നാട്ടിലേക്കു വന്നാല്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടിവരുമെന്ന് മൂത്ത സഹോദരന്‍ ബിഷ്ണു ഔല അറിയിച്ചതോടെ വരവ് നീട്ടിവച്ചു. എന്നാല്‍, പിറ്റേന്ന് സില്‍ചാറിലെ ആശുപത്രിയില്‍ നരേഷ് മരിച്ച വിവരമാണ് കുടുംബാംഗങ്ങള്‍ അറിയുന്നത്.

‘മരണവാര്‍ത്തയറിഞ്ഞ് ഞങ്ങള്‍ ഒഎന്‍ജിസി അധികൃതരുമായി ബന്ധപ്പെട്ട് നരേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള താല്‍പര്യം അറിയിച്ചു. എന്നാല്‍, മിസോറാമില്‍നിന്നുള്ള ലാല്‍ മുവാന്‍ കുയീ എന്നൊരു സ്ത്രീയും നരേഷിന്റെ മൃതദേഹത്തിന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയായി അവര്‍ അറിയിച്ചു. മാത്രമല്ല, ഒഎന്‍ജിസിയിലെ ഔദ്യോഗിക രേഖകളിലെല്ലാം അവരുടെ പേരാണ് ഭാര്യയുടെ സ്ഥാനത്ത് ഉള്ളതെന്നും വ്യക്തമാക്കി. 2012ല്‍ വിവാഹം കഴിച്ച നരേഷിന് ആ ബന്ധത്തില്‍ ഒരു പെണ്‍കുഞ്ഞുമുള്ളതാണ്. അവള്‍ക്ക് നാലു വയസ്സ് മാത്രമാണ് പ്രായം. ഇതിനിടെയാണ് മറ്റൊരു ഭാര്യയുണ്ടെന്ന് അറിയുന്നത്’ ബിഷ്ണു ഔല വിശദീകരിച്ചു.

ഇതിനു പിന്നാലെ ബിഷ്ണു ഔലയും കുടുംബവും നരേഷിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ഒഎന്‍ജിസിയുടെ മാതൃവകുപ്പായ പെട്രോളിയം മന്ത്രാലയത്തെ സമീപിച്ചു. ‘മൃതദേഹം വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നണ് അവര്‍ അറിയിച്ചത്. ഇതിനു പിന്നാലെ നരേഷിന്റെ ആദ്യ വിവാഹത്തിന്റെ വിഡിയോയും മകളുടെ ചിത്രവും ഞങ്ങള്‍ പെട്രോളിയം മന്ത്രാലയത്തിലെ അധികൃതര്‍ക്ക് അയച്ചുനല്‍കി. എന്നാല്‍, നരേഷിന്റെ മൃതദേഹം മിസോറമിലേക്ക് അയച്ചതായി ജൂണ്‍ 11ന് അറിയിപ്പു കിട്ടി. കാരണം അവരുടെ പേരാണ് ഔദ്യോഗിക രേഖകളിലുണ്ടായിരുന്നത്’ ബിഷ്ണു വിവരിച്ചു

എന്നാല്‍, നരേഷിന്റെ കുടുംബാംഗങ്ങള്‍ക്കും ആദ്യ ഭാര്യയ്ക്കും സംസ്‌കാര ചടങ്ങുകള്‍ വിഡിയോ കോളിലൂടെ കാണാന്‍ അവസരമൊരുക്കുകയും ചെയ്തു. നരേഷിന് ഒരു ഭാര്യ കൂടിയുള്ള വിവരം നാലു വര്‍ഷം മുന്‍പ് സഹതാരങ്ങളില്‍ ചിലര്‍ സൂചിപ്പിച്ചിരുന്നതായി ബിഷ്ണു വെളിപ്പെടുത്തി. എന്നാല്‍ അതേക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി. കഴിഞ്ഞ ഒന്നര വര്‍ഷമായി നാട്ടിലേക്കു വരാതായതോടെ സംശയം ഇരട്ടിച്ചു. എന്നാല്‍, മറ്റൊരു ഭാര്യയുണ്ടെന്ന് ഉറപ്പായത് ഇപ്പോള്‍ മാത്രമാണ് ബിഷ്ണു പറഞ്ഞു. എന്തായാലും ഈ വിഷയത്തില്‍ നീതി തേടി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനെ സമീപിക്കാനൊരുങ്ങുകയാണ് നരേഷിന്റെ കുടുംബം.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular