കോവിഡ് പരിശോധനകളില്ലാതെ മൃതദേഹം സംസ്കരിച്ചു; നിരവധി പേർ ക്വാറന്റീനിൽ

ചെന്നൈയിൽ മരിച്ചയാളുടെ മൃതദേഹം കോവിഡ് പരിശോധനകളില്ലാതെ അർധരാത്രിയിൽ എലവഞ്ചേരി വാതക ശ്മശാനത്തിൽ സംസ്കരിച്ചെന്നു വിവരം. മരിച്ചയാൾക്കൊപ്പം ചെന്നൈയിലുണ്ടായിരുന്ന ഭാര്യയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ 3 ആരോഗ്യ പ്രവർത്തകരും 3 പൊലീസുകാരും പഞ്ചായത്തംഗവും ഉൾപ്പെടെ 16 പേർ ക്വാറന്റീനിലായി.

22നു പുലർച്ചെയാണു ചെന്നൈയിൽ ചായക്കടയിൽ ജോലി ചെയ്തിരുന്ന അൻപത്തിരണ്ടുകാരൻ മരിച്ചത്. ആംബുലൻസിൽ വാളയാർ വഴി എലവഞ്ചേരിയിൽ എത്തിക്കുകയായിരുന്നു. കോവിഡ് പരിശോധനകൾ നടത്താതെ മൃതദേഹം കൊണ്ടു വരാൻ കഴിയില്ലെന്ന് എലവഞ്ചേരി മെഡിക്കൽ ഓഫിസർ അറിയിച്ചെങ്കിലും നാട്ടിലെത്തി സംസ്കരിക്കണമെന്നതു മരിച്ചയാളിന്റെ ആഗ്രഹമെന്ന നിലയിൽ കൊണ്ടു വരികയായിരുന്നു.

മൃതദേഹം എലവഞ്ചേരിയിലെ വീട്ടിലേക്കു കൊണ്ടു പോകാൻ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് കർശന നിലപാട് സ്വീകരിച്ചതിനെ തുടർന്നു ചെന്നൈയിൽ നിന്നു വന്ന ആംബുലൻസിൽ തന്നെ ശ്മശാനത്തിലെത്തിച്ചു 11 മണിയോടെ സംസ്കരിക്കുകയായിരുന്നു. ഇതിനു ശേഷം വടക്കഞ്ചേരിയിലെ ബന്ധുവീട്ടിലേക്കു പോയ ഇയാളുടെ ഭാര്യയ്ക്ക് ജൂൺ അഞ്ചിനു കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്കാര സമയത്തു ശ്മശാനത്തിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ പഞ്ചായത്ത് അംഗം, ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ 16 പേരെ ക്വാറന്റീനിലാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

Follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular