മീന്‍ വണ്ടിയുടെ രഹസ്യ അറയില്‍ കടത്തിയ 170 കിലോ കഞ്ചാവ് എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടി

തൃശൂര്‍: കുതിരാന്‍ ദേശീയപാതയില്‍ മീന്‍ വണ്ടിയില്‍ കടത്തിയ 170 കിലോ കഞ്ചാവ് എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടി. ഇരിങ്ങാലക്കുടയിലെ ലഹരിമരുന്ന് മാഫിയ സംഘത്തിനു വേണ്ടി കഞ്ചാവ് കടത്തിയതാണെന്ന് സംശയിക്കുന്നു.’മീന്‍ വണ്ടിയില്‍ കഞ്ചാവ് വരുന്നുണ്ട്. രണ്ടു പേരാണ് വണ്ടിയില്‍. തൃശൂര്‍ നെല്ലായിക്കാരാണ്. വണ്ടിയുടെ നമ്പര്‍ ഇതാണ്.’ എക്‌സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യ സന്ദേശമാണിത്.

വാണിയംമ്പാറ, ഇരുമ്പുപാലം എന്നീ സ്ഥലങ്ങളില്‍ രണ്ടു സംഘങ്ങളായി എക്‌സൈസ് സംഘം നിലയുറപ്പിച്ചു. മീന്‍ വണ്ടി വാളയാര്‍ കടന്നതായി നേരത്തെതന്നെ വിവരം കിട്ടിയിരുന്നു. മീന്‍ വണ്ടി വാണിയംമ്പാറ വിട്ട ഉടനെ, ഇരുമ്പുപാലത്തെ സംഘത്തിനു വിവരം കൈമാറി.എക്‌സൈസ് സംഘം ദേശീയപാതയിലേയ്ക്കു കയറി നിന്നു. ഇരുമ്പുപാലത്ത് കുരുക്കുണ്ടാകാറുണ്ട്. വേഗത്തില്‍ ഓടിച്ചു പോകാന്‍ കഴിയില്ല. എക്‌സൈസിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. മീന്‍ വണ്ടിയ്ക്കു മുമ്പില്‍ ഉദ്യോഗസ്ഥര്‍ ചാടി വീണു. ഡ്രൈവറേയും കൂട്ടാളിയേയും കയ്യോടെ പൊക്കി. രക്ഷപ്പെടാനുള്ള ശ്രമം വിജയിച്ചില്ല. ഇരുമ്പുപാലത്തിനു സമീപമുള്ള വഴിയിലേക്ക് വണ്ടി കയറ്റിയിട്ടു. മീന്‍ പെട്ടികള്‍ പരിശോധിച്ചു. ഒന്നും കാണാനില്ല. ഇനി വിവരം കിട്ടിയതിലെ അപാകതയാകുമോ?

പെട്ടികളെല്ലാം പുറത്തെടുത്ത് പരിശോധിച്ചു. കഞ്ചാവില്ല. പണി പാളിയോ? .. ആശങ്കയോടെ നില്‍ക്കുകയാണ്. ഉദ്യോഗസ്ഥര്‍ വീണ്ടും ഡ്രൈവറേയും കൂട്ടാളിയേയും ചോദ്യംചെയ്തു. ‘ഇരുവരും മിണ്ടുന്നില്ല. കഞ്ചാവില്ല സാറേ, ഇത് മീന്‍ ഇറക്കിയ പെട്ടിയാണ്. ഇതില്‍ മീനിന്റെ മണമില്ലേ. വിശ്വസിക്കൂ’.. ഇരുവരുടേയും സൗമ്യമായ വിശദീകരണം കേട്ട് അത്ര തൃപ്തിയില്ല. ഇതിനിടെ, മീന്‍ വണ്ടിയില്‍ കയറിയ എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈ െ്രെഡവറുടെ കേബിനു പുറകിലുള്ള ഭാഗത്തു തട്ടി. സ്റ്റീല്‍ അലമാരയുടെ പുറത്ത് കൈ കൊണ്ടാല്‍ എങ്ങനെയാണോ അങ്ങനെയുള്ള ശബ്ദം. ‘സാറേ ഇതില്‍ അറയുണ്ടെന്ന് തോന്നുന്നു. നമുക്ക് സ്‌ക്രൂ അഴിച്ചുനോക്കാം’. ഉദ്യോഗസ്ഥന്‍ ഉച്ചത്തില്‍ പറഞ്ഞു. സ്‌ക്രൂ അഴിച്ചുമാറ്റാന്‍ സ്‌ക്രൂഡ്രൈവര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൊണ്ടുവന്നു.

മീന്‍ വണ്ടിയുടെ രഹസ്യ അറ തുറന്നു. ഒട്ടേറെ പായ്ക്കറ്റുകള്‍. ഒരെണ്ണം തുറന്നുനോക്കി. നല്ല കഞ്ചാവ്. പ്രതികളെ ഇരുവരേയും വീണ്ടും സമഗ്രമായി ചോദ്യം ചെയ്തു. 170 കിലോ കഞ്ചാവ് ആന്ധ്രയില്‍ നിന്ന് വാങ്ങിയതാണെന്ന് സമ്മതിച്ചു. ആരു പറഞ്ഞാണ് ഇതു വാങ്ങിയതെന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇരുവരും സ്വയം കുറ്റമേറ്റു.

രഹസ്യ അറയുണ്ടാക്കിയത് ഏതു വര്‍ക്‌ഷോപ്പിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വര്‍ക്‌ഷോപ്പ് ഉടമ കേസില്‍ സാക്ഷിയാകും. ക്രിമിനല്‍ സംഘങ്ങള്‍ ക്വട്ടേഷന്‍ പണി നിര്‍ത്തി ഇപ്പോള്‍ കഞ്ചാവ് ബിസിനസിലാണ്. വന്‍തോതില്‍ പണം കൊയ്യാമെന്നതാണ് കാരണം. പഴയ കേസുകളുടെ നടത്തിപ്പിനും പണം വേണം. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള വഴിയാണ് ഇപ്പോള്‍ കഞ്ചാവ് കടത്ത്. ലോക്ഡൗണിന്റെ മറവില്‍ കടത്തിയ അഞ്ഞൂറു കിലോ കഞ്ചാവ് നേരത്തെ പൊലീസും എക്‌സൈസും ചേര്‍ന്ന് തൃശൂര്‍ ജില്ലയില്‍ നിന്ന് പിടികൂടിയിരുന്നു.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular