ഹാള്‍ ടിക്കറ്റില്‍ പിന്നില്‍ പാഠഭാഗങ്ങള്‍ ; സിസിടിവി ദൃശ്യങ്ങളുമായി കോളജ് അധികൃതര്‍

കോട്ടയം പരീക്ഷയെഴുതാന്‍ പോയി കാണാതായി മീനച്ചിലാറ്റില്‍നിന്നു മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ജു പി.ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നു കോളജ് അധികൃതരുടെ വിശദീകരണം. ഹാള്‍ ടിക്കറ്റില്‍ പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടു വന്നുവെന്നാണ് കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഹാള്‍ ടിക്കറ്റും സിസിടിവി ദൃശ്യങ്ങളും കോളജ് അധികൃതര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പ്രിന്‍സിപ്പലിനെ കാണാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ജു കണ്ടില്ല. വിദ്യാര്‍ഥിനി മൂന്നു പേജാണ് പരീക്ഷ എഴുതിയത്. കുട്ടിയോട് കയര്‍ത്തു സംസാരിച്ചെന്ന ആരോപണം ശരിയല്ല. പൊലീസിനു രേഖകള്‍ കൈമാറിയെന്നും ബിവിഎം കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് അഞ്ജുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍നിന്നു കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് അഞ്ജു. ശനിയാഴ്ച പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനു പിടിച്ചതായി കോളജ് അധികൃതര്‍ ആരോപിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. എന്നാല്‍ മകള്‍ കോളജിലെ മിടുക്കരായ അഞ്ചു വിദ്യാര്‍ഥിനികളില്‍ ഒരാളൊണെന്നും ഒരിക്കലും കോപ്പിയടിക്കില്ലെന്നും പിതാവ് പറഞ്ഞു.

മരണത്തില്‍ പ്രിന്‍സിപ്പലിന്റെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ജുവിനെ പരീക്ഷ എഴുതിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്ന് ഒപ്പം പരീക്ഷ എഴുതിയവര്‍ പറഞ്ഞു. പരീക്ഷ തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞാണ് കോപ്പിയടിച്ചെന്ന് ആരോപിച്ചത്. ഇനി പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് അഞ്ജു ഇറങ്ങിപ്പോയി. ഹാളിലുണ്ടായിരുന്ന അധ്യാപകരാരും തടഞ്ഞില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular