ഷീബയുടെ മൊബൈല്‍ ഫോണും താക്കോല്‍ക്കൂട്ടവും കണ്ടെടുത്തു

കോട്ടയം: താഴത്തങ്ങാടിയില്‍ ഇല്ലിക്കല്‍ പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയെ തലയ്ക്കടിച്ചു കൊന്ന ശേഷം വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയി ഉപേക്ഷിച്ച മൂന്നു മൊബൈല്‍ ഫോണുകളും മൂന്നു കത്തികളും കത്രികയും താക്കോല്‍ കൂട്ടവും കണ്ടെത്തി. കേസില്‍ തണ്ണീര്‍മുക്കത്ത് തെളിവെടുപ്പ് തുടരുന്നു. ഷീബയുടെ മൊബൈല്‍ ഫോണും താക്കോല്‍ക്കൂട്ടവും തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി മാലിപ്പറമ്പില്‍ മുഹമ്മദ് ബിലാല്‍ (23) മൊഴി നല്‍കിയിരുന്നു.

പ്രതി ബിലാല്‍ ഉപയോഗിച്ച 3 മൊബൈല്‍ ഫോണുകള്‍, കത്തി, കത്രിക എന്നിവ തണ്ണീര്‍മുക്കത്ത് കായലില്‍ നിന്നു കണ്ടെടുത്തത്. മൊബൈല്‍ ഫോണുകളില്‍ ഒന്ന് കൊല്ലപ്പെട്ട ഷീബയുടേതാണ്. കത്തിയും കത്രികയും വയര്‍ മുറിക്കാന്‍ ഉപയോഗിച്ചതാണ്. വയര്‍ ഉപയോഗിച്ചാണ് ബിലാല്‍ സാലിയെയും ഷിബയെയും കെട്ടിയത്.

രാവിലെ പ്രതിയുമായി പോലീസ് തണ്ണീര്‍മുക്കത്ത് തെളിവെടുപ്പിന് എത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ളവര്‍ എത്തിയാണ് ഇവ കണ്ടെടുത്തത്. കൊലപാതകത്തിനു ശേഷം പിടിക്കപ്പെടാതിരിക്കാനാണ് മൊബൈലുകളും എടുത്തതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും ഇരുമ്പുകമ്പികൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി ഷോക്ക് അടിപ്പിക്കാനും ശ്രമം നടത്തിയിരുന്നു.

വേമ്പനാട്ട് കായലില്‍ തെളിവെടുപ്പിനു ശേഷം ബിലാലിനെ പോലീസ് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴയില്‍ ബിലാല്‍ താമസിച്ചിരുന്ന ലോഡ്ജില്‍ തെളിവെടുപ്പു നടത്തും.

ഷീബസാലി ദമ്പതികളുടെ വാഗണ്‍ ആര്‍ കാര്‍ ബിലാല്‍ ആലപ്പുഴയിലാണ് ഉപേക്ഷിച്ചത്. ഇവിടെ നിന്നും എറണാകുളത്തേക്ക് കടക്കുന്നതിന് മുന്‍പ് ആലപ്പുഴ ഡി.വൈ.എസ്.പി ഓഫീസിനു സമീപമുള്ള ഒരു ലോഡ്ജില്‍ താമസിച്ചിരുന്നു. ഇവിടെ എത്തിയും തെളിവെടുപ്പ് നടത്തും. ആലപ്പുഴയില്‍ ബിലാലിന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിനായി ഇന്നലെയാണ് ബിലാലിനെ പോലീസ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ ഷീബയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണത്തില്‍ 28 പവനോളം കണ്ടെടുത്തിരുന്നു. 55 പവന്‍ ബിലാല്‍ ഇവിടെ നിന്നു മോഷ്ടിച്ചുവെന്നാണ് സൂചന. അവശേഷിക്കുന്ന സ്വര്‍ണം കണ്ടെത്താനും പരിശോധന നടക്കുന്നുണ്ട്.

തിങ്കളാഴ്ചയാണ് ബിലാല്‍ ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും വീട്ടില്‍ കയറി ആക്രമിച്ചത്. വൈകിട്ടോടെയാണ് ഇവര്‍ ആക്രമണത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. ആക്രമണത്തിനു ശേഷം വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും ഷീബ ധരിച്ചിരുന്ന ആഭരണങ്ങളും എടുത്ത് കടന്നുകളഞ്ഞത്. തെളിവു നശിപ്പിക്കുന്നതിനായി വീട്ടിലെ ഗ്യാസ് സിലിണ്ടറും തുറന്നുവിട്ടിരുന്നു. ഷീബയുടെ അയല്‍വാസിയാണ് യുവാവ്. രണ്ടു ദിവസത്തിനു ശേഷം ഇയാളെ എറണാകുളത്തുനിന്ന് പിടികൂടുകയായിരുന്നു

FOLLOW US- PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular