ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചു

കോവിഡ്19 വ്യാപിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെയ് 19 ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആവശ്യപ്പെട്ട പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതിനാല്‍ ഇന്ന് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുന്നുവെന്നും തീരുമാനത്തേപ്പറ്റി വിശദീകരിക്കവേ ട്രംപ് പറഞ്ഞു. അമേരിക്ക പ്രതിവര്‍ഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇത്രയും കുറഞ്ഞ തുക കൊടുത്തിട്ടും അവര്‍ ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.

അമേരിക്ക നല്‍കിയിരുന്ന ധനസഹായം ഇനി മറ്റ് ആഗോള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി വിനിയോഗിക്കുമെന്നാണ് ട്രംപ് പറയുന്നത്.

30 ദിവസത്തിനകം പ്രവര്‍ത്തന രീതി മെച്ചപ്പെടുത്തിയില്ലെങ്കില്‍ സംഘടനയില്‍ തുടരുന്നകാര്യം അമേരിക്ക പുനരാലോചിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് അമേരിക്ക ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം പൂര്‍ണമായും റദ്ദാക്കിയത്.

കോവിഡ് വ്യാപനം തടയുന്നതില്‍ വീഴ്ച വരുത്തി ചൈനയുടെ കളിപ്പാവയായി മാറി എന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലില്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വന്നിരുന്ന ധനസഹായം അമേരിക്ക മരവിപ്പിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular