സൂരജിനെ കുടുക്കിയത് വാവാ സുരേഷ്‌…!! എന്റെ സംശയം ഉത്രയുടെ ബന്ധുവിനെ അറിയിച്ചു; അവരാണ് കേസ് കൊടുക്കാന്‍ നിര്‍ബന്ധിച്ചത്

കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത തരം മരണമാണു കൊല്ലം സ്വദേശി ഉത്രയ്ക്കുണ്ടായത്. പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് അറസ്റ്റിലാണ്. എന്നാല്‍ സൂരജിനു നേരെയുള്ളത് ആരോപണമാണെന്നും പാമ്പ് മരക്കൊമ്പിലൂടെയോ ജനലിലൂടെയോ ഇഴഞ്ഞ് മുറിക്കുള്ളില്‍ കയറിയതാകാമെന്നുമാണ് ഇയാളുടെ വീട്ടുകാരുടെ വാദം. അത്തരമൊരു വാദത്തിനു യാതൊരു കഴമ്പുമില്ലെന്ന് ഉത്രയുടെ വീട് സന്ദര്‍ശിച്ച പാമ്പുപിടിത്ത വിദഗ്ധന്‍ വാവ സുരേഷ് പറയുന്നു.

‘മാധ്യമങ്ങളിലും മറ്റും പറഞ്ഞുകേട്ട വിവരം ഉത്രയുടെ മുറി മുകളിലത്തെ നിലയിലാണെന്നാണ്. മരത്തിലൂടെയോ ജനല്‍ വഴിയോ പാമ്പ് മുറിക്കുള്ളില്‍ പ്രവേശിച്ചതാകാമെന്നാണ് സൂരജിന്റെ വീട്ടുകാരുടെ വാദം. എന്നാല്‍ ഉത്രയും സൂരജും കിടന്ന മുറി താഴത്തെ നിലയിലാണ്. ഹാള്‍ വഴി വേണം ആ മുറിയില്‍ കയറാന്‍. മുറിയുടെ ജനലിന്റെ പുറത്തുള്ള മണലില്‍ പാമ്പ് ഇഴഞ്ഞ പാടില്ല. അവിടെ മാത്രമല്ല മുറ്റത്തെങ്ങും ഈ അടുത്ത് പാമ്പ് ഇഴഞ്ഞിട്ടില്ല. ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണില്‍ കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് ഇതിന്റെ തെളിവാണ്. നിറയെ കുഴിയാനക്കുഴികള്‍ വീടിന്റെ ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണിലുണ്ട്.

അവര്‍ പറയുന്നത് പോലെ മരത്തിലൂടെ പാമ്പ് മുറിക്കുള്ളില്‍ കയറാനുള്ള സാധ്യതയില്ല. അങ്ങനെ ചാഞ്ഞ് കിടക്കുന്ന മരമൊന്നുമില്ല. പിന്നെയുള്ള ഒരു സാധ്യത ബാത്ത്‌റൂമിന്റെ വെന്റിലേറ്ററിലൂടെ കയറുന്നതാണ്. സിമന്റ് തേച്ച ഭിത്തിയിലൂടെ ഇഴഞ്ഞ് നല്ല പൊക്കമുള്ള വെന്റിലേറ്ററിലൂടെ പാമ്പിന് തനിയെ മുറിയില്‍ കടക്കാനാകില്ല. കമ്പോ മുളയോ കൊണ്ട് വെന്റിലേറ്ററിലൂടെ ഇട്ടതാണെങ്കില്‍ ആ ഭാഗത്ത് ചിലന്തിവല കാണില്ലായിരുന്നു. എന്നാല്‍ ഉത്രയുടെ മുറിയിലെ വെന്റിലേറ്ററിന്റെ ഭാഗത്തുള്ള പൊടിയും മാറാലയും അവിടെ തന്നെയുണ്ട്. ബോധപൂര്‍വം പാമ്പിനെ കൊണ്ടുവരാതെ ആ മുറിയില്‍ പാമ്പ് കയറില്ല.

എവിടെനിന്നെങ്കിലും ദേഹത്ത് വീണാലും പാമ്പ് 99% കടിക്കില്ല. ദേഹത്തു വീഴുന്ന പാമ്പ് ആദ്യം എവിടേക്കെങ്കിലും ഒളിക്കാനേ ശ്രമിക്കൂ. പാമ്പിന് അത്ര വേദനയെടുത്താല്‍ മാത്രമേ ദേഹത്തു വീഴുന്ന സമയത്ത് കടിക്കൂ. ഉത്രയ്ക്ക് ഒരു കടി ഏറ്റിരിക്കുന്നത് കയ്യിലാണ്, മറ്റൊന്ന് നെറ്റിയിലും. നെറ്റിയില്‍ സാധാരഗതിയില്‍ പാമ്പ് കൊത്താറില്ല. മരിക്കാന്‍ വേണ്ടി മനഃപൂര്‍വം കടിപ്പിച്ചതാണ് നെറ്റിയില്‍. മൂര്‍ഖനോ അണലിയോ കടിച്ചാല്‍ സ്വബോധമുള്ള വ്യക്തിക്ക് നന്നായി വേദനിക്കും. മൂര്‍ഖന്റെ കടിയേക്കാള്‍ അണലിയുടെ കടിയാണ് വേദന. ആദ്യതവണ ഉത്രയെ പാമ്പ് കടിച്ചപ്പോള്‍ തന്നെ ഞാന്‍ എന്റെ സംശയം പലരോടും പറഞ്ഞിരുന്നതാണ്.

കാരണം ആ ഭാഗങ്ങളില്‍ അണലി വളരെ കുറവാണ്. അതുപോലെ തന്നെ വീടിന്റെ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന് അണലി കടിക്കുന്നത് അപൂര്‍വമാണ്. പറമ്പില്‍വച്ചാണ് മിക്കവര്‍ക്കും അണലിയുടെ കടിയേറ്റിട്ടുള്ളത്. ഉത്രയെ കടിച്ചത് അണലിക്കുഞ്ഞല്ല, വലിയ ഒന്നാണ്. സാധാരണഗതിയില്‍ വലിയ അണലി കടിച്ചാല്‍ ഏഴു മണിക്കൂര്‍ ജീവിച്ചിരിക്കില്ല. സ്വാഭാവികമായി മുറ്റത്തേക്ക് ഇഴഞ്ഞെത്തി കടിച്ചതാണെങ്കില്‍ എങ്ങനെ ഇത്രയും നേരം ജീവിച്ചിരിക്കും എന്നുള്ളതും സംശയമുണര്‍ത്തി. സൂരജ് അണലിയെ വാങ്ങിയത് പാമ്പുപിടിത്തക്കാരനില്‍ നിന്നാണ്. അയാളുടെ വിഡിയോകളില്‍ പാമ്പിന്റെ വായില്‍ കമ്പി കുത്തി വിഷം പുറത്തെടുക്കുന്നതൊക്കെയുണ്ട്.

സൂരജിന് അണലിയെ കൈമാറുന്നത് രണ്ടോ മൂന്നോ ദിവസം മുന്‍പ് അയാള്‍ ചിലപ്പോള്‍ അണലിയുടെ വിഷം എടുത്തുകളഞ്ഞുകാണും. അങ്ങനെയാണെങ്കില്‍ പുതിയതായി വിഷമുണ്ടായി വരാന്‍ സമയമെടുക്കും. ആ അണലിയിലുണ്ടായിരുന്ന വിഷത്തിന്റെ അളവ് കുറവായതുകൊണ്ടാണ് ഏഴുമണിക്കൂര്‍ ജീവിച്ചത്. എന്നാലും ചികിത്സ കൂടിയേ തീരൂ. ഇത്രമാത്രം വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് പറയാന്‍ സാധിക്കും.

ഒരു അണലിക്കുഞ്ഞിന്റെ കടിയേറ്റിട്ട് 15 ദിവസമാണ് ഞാന്‍ ചികിത്സയില്‍ കഴിഞ്ഞത്. സൂരജിന്റെ ആദ്യശ്രമം വിജയിച്ചിരുന്നെങ്കില്‍ ഉത്ര മാത്രമായിരിക്കില്ല അയാളുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. സ്വത്താണ് ഉദ്ദേശ്യമെങ്കില്‍ ഉത്രയുടെ വീട്ടുകാരെയും ഇതേ രീതിയില്‍ തന്നെ കൊല്ലുമായിരുന്നു. പാമ്പ് കടിച്ച് മരിച്ചതാണെന്ന് പറഞ്ഞാല്‍ ആരും സംശയിക്കില്ലല്ലോ. മരണത്തില്‍ അസ്വാഭാവികത തോന്നിയതുകൊണ്ട് എന്റെ സംശയം ഞാന്‍ ഉത്രയുടെ ബന്ധുവിനെ അറിയിച്ചിരുന്നു. അവരാണ് വീട്ടുകാരോട് വിവരം പറയുന്നതും കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചതും’ വാവ സുരേഷ് പറഞ്ഞു.

Follow us on patham online news

Similar Articles

Comments

Advertismentspot_img

Most Popular