രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ;മറ്റ് സംസ്ഥാനങ്ങില്‍ നിന്ന് പലരും എത്തുന്നത് അവശനിലയില്‍, ഇതുവരെ സാമൂഹിക വ്യാപനമില്ലെന്നും മന്ത്രി

തിരുവനന്തപൂരം: സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചു. രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഇപ്പോള്‍ വരുന്നവരില്‍ ഭൂരിഭാഗവും. പലരും അവശനിലയിലാണെത്തുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഇതുവരെ സാമൂഹിക വ്യാപനമില്ലെന്നും മന്ത്രി അറിയിച്ചു. സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തിലില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. സമ്പര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച കേരളത്തില്‍ താരതമ്യേന കുറവാണ്. ഒരു ടെസ്റ്റിന് 4000 ത്തോളം രൂപ ചിലവുണ്ടെങ്കിലും ചികിത്സ സൗജന്യമായി തന്നെ തുടരും. ടെസ്റ്റ് കുറവാണെന്ന് പറയുന്നതിന്റെ മാനദണ്ഡം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചതായും മന്ത്രി പറഞ്ഞു. എന്നാല്‍ കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും തടസ്സമായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പത്തനംതിട്ട സ്വദേശി ജോഷിയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചത്. അബുദാബിയില്‍ നിന്ന് ഈ മാസം 11നാണ് ജോഷി നാട്ടിലെത്തിയത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എട്ടാമത്തെ കൊവിഡ് മരണമാണ് ഇദ്ദേഹത്തിന്റേത്. 18ാം തീയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് ഈ മാസം 27ാം തീയതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്. അബുദാബിയില്‍ നിന്ന് ഈ മാസം 11ന് എത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിചികിത്സയിലേക്ക് മാറ്റി.

Follow us on patham online news

pathram:
Related Post
Leave a Comment