ഉത്ര കൊലപാതകം; വിവാഹമോചനം ആവശ്യപ്പെട്ടത് കൊലപാതകത്തിലേക്ക് നയിച്ചു, പാമ്പുകളെ നല്‍കിയ സുരേഷിനെ മാപ്പുസാക്ഷിയാക്കും

കൊല്ലം: ഉത്ര കൊലപാതക കേസില്‍ സൂരജിന്റെ സഹായിയായ പാമ്പുപിടിത്തക്കാരനെ മാപ്പു സാക്ഷിയാക്കും. സൂരജിനെ പാമ്പുകളെ നല്‍കിയ ചിറക്കര സുരേഷിനെയാണ് മാപ്പുസാക്ഷിയാക്കുക. മജിസട്രേറ്റിനു മുന്നില്‍ സുരേഷിന്റെ മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ഈ മാസം 30 ന് കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

സുരേഷാണ് ഉത്രയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതിയുമായ സൂരജിന് പാമ്പിനെ കൈമാറുന്നത്. ഏപ്രില്‍ 24ന് ഏനാത്ത് ജംഗ്ഷനില്‍ വച്ചായിരുന്നു കൈമാറ്റം. അന്ന് ലോക്ക്ഡൗണ്‍ ആയതിനാല്‍ പ്രദേശം ആളൊഴിഞ്ഞ അവസ്ഥയിലായിരുന്നു. സമീപത്തെ കടകളിലെ സിസിടിവിയും പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുവരെയും ഇന്നലെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ചിറക്കര ഭാഗത്തെ വീടുകളില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയതെന്നും ഇതാണ് സൂരജിന് നല്‍കിയതെന്നുമാണ് സുരേഷിന്റെ മൊഴി. ഈ വീടുകളിലും സുരേഷിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ഉത്രയുടെ മരണം പാമ്പുകടിയേറ്റു തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇടത് കൈയ്യില്‍ രണ്ട് തവണ കടിയേറ്റ പാടുകളുണ്ട്. വിഷം നാഡീവ്യൂഹത്തിനെ ബാധിച്ചാണ് മരണം സംഭവിച്ചത്. കേസില്‍ പ്രതി സൂരജ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരിയില്‍ ഉത്രയെ കുടുംബം അഞ്ചിലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ് പറയുന്നു. വിവാഹമോചനം ഉണ്ടായാല്‍ സ്വര്‍ണവും പണവും കാറും തിരികെ നല്‍കേണ്ടി വരുമെന്ന് സൂരജ് ഭയന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കി. ഉത്രയ്ക്ക് തന്നില്‍ നിന്ന് ശാരീരിക മാനസിക പീഡനങ്ങള്‍ നേരിടേണ്ടിവന്നുവെന്നും സൂരജ് സമ്മതിച്ചിട്ടുണ്ട്‌.

Follow us on pathram online news

Similar Articles

Comments

Advertismentspot_img

Most Popular