പാര്‍ട്ടിയെ ചതിച്ചിട്ട് പോയാല്‍ ദ്രോഹിക്കുമെന്ന് പി.കെ. ശശി എംഎല്‍എ; ജില്ലയില്‍ നിരോധനാജ്ഞ ലംഘിച്ച് പാര്‍ട്ടി യോഗം

പാലക്കാട്: പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കുമെന്നും ചതിച്ചിട്ട് പോയാല്‍ ദ്രോഹിക്കുമെന്നതുമാണ് പാര്‍ട്ടി നയമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി.കെ. ശശി. കരിമ്പുഴയില്‍ മുസ്‌ലീം ലീഗില്‍ നിന്നു രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നവരെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് ആളെക്കൂട്ടിയുളള എംഎല്‍എയുടെ പാര്‍ട്ടിപ്രവര്‍ത്തനം. സിപിഎം എന്ന പാര്‍ട്ടിയുടെ പ്രത്യേകത പറഞ്ഞു കൊണ്ടാണ് പി.കെ. ശശി എംഎല്‍എ സംസാരിച്ചത്.

കരിമ്പുഴ പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗവും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ രാധാകൃഷണന്റെ നേതൃത്വത്തില്‍ അന്‍പതു പേര്‍ മുസ്‌ലീം ലീഗില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇവരില്‍ ചിലരെ കരിമ്പുഴയില്‍ വച്ച് അഭിവാദ്യം ചെയ്യുന്നതാണ് ചടങ്ങ്. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ഇരുപതിലധികം പേരേ പങ്കെടുപ്പിച്ചുളള എംഎല്‍എയുടെ പാര്‍ട്ടിപ്രവര്‍ത്തനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular